ഭർത്താവിന്റെ അന്ത്യ കർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ എത്തിയില്ല; ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ എവിടെ?

Published by
Brave India Desk

ലക്നൗ : ​​ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉയർന്ന് കേൾക്കുന്ന ചോദ്യമാണ് ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീൺ എവിടെയെന്നത്. ഭർത്താവ് മരിച്ചിട്ട് പോലും പുറത്തുവരാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഷൈസ്ത പർവീണിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ചു. കൂട്ടാളികളായ ​ഗുഡ്ഡു മുസ്ലീം, സബീർ, അർ‍മാൻ എന്നിവരും ഒളിവിലാണ്.

ഉമേഷ് പാൽ കൊലക്കേസിന്റെ ​ഗൂഡാലോചനയിൽ ഇവർക്ക് നിർണായക പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഷൈസ്ത ഒളിവിൽ പോയത്. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതീഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഭാര്യ ഷൈസ്ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഷൂട്ടർ ഗുലാം തുടങ്ങി ഒമ്പത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.​ഗുജറാത്തിലെ സബർമതി ജയിലിൽ അതീഖ് അഹമ്മദ് തടവ് ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് ഇവർ നിരന്തരം അതീഖിനെ കാണാൻ എത്തുമായിരുന്നു.

വരും ദിവസങ്ങളിൽ ഷൈസ്ത പോലീസിൽ കീഴടങ്ങുമെന്ന് അന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. ഭർത്താവിന്റെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുമെന്ന് അഭ്യൂഹങ്ങളും പടർന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കിയത്. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പ്രയാഗ് രാജിലെ കസരി മസാറി സംസ്‌കാരസ്ഥലത്തേക്ക് കൊണ്ടുവന്നത്.ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈൽ ഹോമിൽ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം.

 

Share
Leave a Comment

Recent News