ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വൻ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് ഇടിച്ച് കയറി പ്രതിഷേധക്കാർ; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

Published by
Brave India Desk

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം. പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.

ലാഹോറിലെ സൈനിക കമാൻഡോയുടെ വസതിയിലെത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. റാവൽപിണ്ടിയിലെ ആർമി ആസ്ഥാനത്തേക്കും പ്രതിഷേധക്കാർ പ്രവേശിച്ചു.

ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, കറാച്ചി, ഗുജ്രൻവാല, ഫൈസലാബാദ്, മുളട്ടാൻ, പെഷവാർ, മർദാൻ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പിടിഐ പ്രവർത്തകർ പ്രതിഷേധം നടത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തിയതിന് പിന്നാലെ തീയിടുകയായിരുന്നു. റാവൽപിണ്ടിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

”ഇമ്രാൻ ഖാനെ മോചിപ്പിക്കണം, പാകിസ്താൻ അടച്ചുപൂട്ടണം” എന്ന മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധം. ജനങ്ങളെല്ലാവരും തെരുവിലിറങ്ങി ഇമ്രാൻ ഖാന് വേണ്ടി പ്രതിഷേധിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടു. ‘പാകിസ്താൻ, ഇത് നിങ്ങളുടെ സമയമാണ്. ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും പ്രതികരിക്കാനാവില്ല. ജനങ്ങൾ ഇപ്പോൾ രാജ്യത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങണം,’ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു

ഇസ്ലാമാബാദ് ഹൈക്കോടതിയുടെ മുന്നിൽ വെച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തിൽ നിന്ന് താഴെയിറങ്ങിയതിന് ശേഷം ഇമ്രാൻ ഖാനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് നടപടി.

Share
Leave a Comment

Recent News