ടെൽ അവീവ് : മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഇസ്ലാമിക പഠനം നിർബന്ധമാക്കി ഇസ്രായേൽ സർക്കാർ. അറബി ഭാഷ കൈകാര്യം ചെയ്യാനും ഇസ്ലാമിക കാര്യങ്ങളും ഖുർആനും ഇനി ഇസ്രായേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. തങ്ങൾക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഇന്റലിജൻസ് വിവരങ്ങൾ കണ്ടെത്തുന്നതിനും ചാരപ്രവർത്തനങ്ങൾക്കും ഇസ്ലാം, അറബി പഠനം സഹായകരമാകും എന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.
ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് പ്രധാന കാരണമായത് ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിന് ഉണ്ടായ പിഴവാണ് എന്നാണ് കരുതപ്പെടുന്നത്. അറബി ഭാഷയിലും ഖുർആൻ വചനങ്ങളിലും ഭീകരർ നടത്തിയ ആശയവിനിമയം ഇസ്രായേലിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതാണ് ഭീകരർക്ക് സഹായകരമായതെന്ന് കരുതപ്പെടുന്നു. ഇന്റലിജൻസ് പ്രവർത്തനങ്ങളിലെ നിർണായകമായ സാംസ്കാരികവും ഭാഷാപരവുമായ വിടവുകൾ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് അറബി, ഇസ്ലാം പഠനം ഇസ്രായേൽ മിലിറ്ററി നിർബന്ധമാക്കിയിരിക്കുന്നത്.
പുതിയ നയം പ്രകാരം, എല്ലാ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും ഇസ്ലാമിക പഠനങ്ങളിലും അറബി ഭാഷയിലും നിർബന്ധിത പരിശീലനം നൽകും. എല്ലാ റാങ്കുകളിലും അടിസ്ഥാന അറബിക് കോഴ്‌സുകൾ നിർബന്ധമായിരിക്കും. കൂടാതെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കായി യെമൻ, ഇറാഖി തുടങ്ങിയ പ്രാദേശിക ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കോഴ്‌സുകളും അവതരിപ്പിക്കും എന്ന് ഇസ്രായേൽ വ്യക്തമാക്കി.
Discussion about this post