കാഠ്മണ്ഡു :
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവ നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തുമെന്ന് സൂചന. നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആൻഡ് എൻഗേജ്‌മെന്റ് (എൻഐഐസിഇ) ബുധനാഴ്ച (ജൂലൈ 9) കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച ഉന്നതതല സെമിനാറിലാണ് നേപ്പാൾ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സുനിൽ ബഹാദൂർ താപ്പ ആണ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിന്റെ അടിയന്തര പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് നേപ്പാൾ ഈ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളുടെ പ്രതിധ്വനി നേപ്പാളിലും സംഭവിക്കുന്നുണ്ട് എന്ന് സുനിൽ ബഹാദൂർ താപ്പ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിലും ഒരു നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനകൾക്ക് പാകിസ്താൻ തുടർച്ചയായി നൽകുന്ന പിന്തുണയെ അദ്ദേഹം വിമർശിച്ചു. പാകിസ്താന്റെ ഈ പ്രവൃത്തി സാർക്കിന്റെ ഫലപ്രാപ്തിക്കും വിശാലമായ പ്രാദേശിക സംയോജനത്തിനും ഒരു പ്രധാന തടസ്സമാണെന്നും താപ്പ ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യയിലുടനീളം തീവ്രവാദ വിരുദ്ധ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാറിൽ ചർച്ചകൾ നടന്നു. രാജ്യങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ഇന്റലിജൻസ് പങ്കിടൽ തീവ്രവാദ വിരുദ്ധ സഹകരണത്തിന് നിർണായകമാണെന്ന് സെമിനാർ വിലയിരുത്തി. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഏകോപിപ്പിച്ച അതിർത്തി പട്രോളിംഗ് വേണമെന്ന് നേപ്പാൾ ശുപാർശ ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണിക്കെതിരായ നിർണായകവും ഫലപ്രദവുമായ പ്രതികരണമായി ഓപ്പറേഷൻ സിന്ദൂർ സെമിനാറിൽ പരാമർശിക്കപ്പെട്ടു.
Discussion about this post