ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സാങ്കേതിക മികവിനെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചിരുന്നു. ഇരട്ട സെഞ്ച്വറി, 150, ഒരു സെഞ്ച്വറി എന്നിവയുമായി പഞ്ചാബ് ബാറ്റ്സ്മാൻ ഇതിനകം തന്നെ പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ്. ലോർഡ്‌സിൽ ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റിന് മുമ്പ്, ബാറ്റ്സ്മാൻ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഗിൽ ശാന്തനും സംയമനം പാലിക്കുന്നവനും ആണെന്ന് സച്ചിൻ പറഞ്ഞു.
എന്തായാലും സച്ചിന്റെ പ്രശംസക്ക് തൊട്ടുപിന്നാലെ മൂന്നാം ടെസ്റ്റിൽ 16 റൺ മാത്രം നേടി മടങ്ങിയെങ്കിലും കോഹ്‌ലിയുടെ അതുല്യ റെക്കോഡ് ഒന്ന് മറികടന്നിരിക്കുകയാണ് ഗിൽ. നായകൻ എന്ന നിലയിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺ നേടിയ ഇന്ത്യൻ നായകൻ എന്ന റെക്കോഡാണ് ഗിൽ മറികടന്നിരിക്കുന്നത്. 2018 ഇംഗ്ലണ്ട് പരമ്പരയിൽ കോഹ്‌ലി നേടിയ 593 റൺസ് റെക്കോഡ് ഗിൽ മറികടന്നിരിക്കുന്നു. നിലവിൽ താരത്തിന് 595 റൺസ് ഉണ്ട്. പരമ്പരയിൽ ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ തന്നെയാണ് ഈ നേട്ടം ഗിൽ കൈവരിച്ചത് എന്നത് ശ്രദ്ധിക്കണം.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ആകെ മൊത്തം ഗിൽ 430 റൺസ് നേടിയപ്പോൾ, മത്സരം ഇന്ത്യ ജയിക്കുകയും അഞ്ച് മത്സരങ്ങളുള്ള പരമ്പര സമനിലയിലാക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിംഗ്സിൽ 269 റൺസും പിന്നീട് രണ്ടാം ഇന്നിംഗ്സിൽ 161 റൺസും നേടി. എഡ്ജ്ബാസ്റ്റണിൽ ഒരുപാട് റെക്കോഡുകൾ ഗിൽ സ്വന്തമാക്കിയിരുന്നു. ഒരു ഇന്നിംഗ്സിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് വിരാട് കോഹ്‌ലിയുടെ റെക്കോഡ് ഗിൽ സ്വന്തമാക്കിയിരുന്നു. ഒരു സെന രാജ്യത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി മാറിയ ഗിൽ ഒരേ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി. ക്യാപ്റ്റനെന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ബ്രാഡ്മാന്റെ റെക്കോഡും ഗില്ലിന് വേണം എങ്കിൽ മറികടക്കാം. 1936-37 ലെ ആഷസിൽ ബ്രാഡ്മാൻ നേടിയ 810 റൺസ് എന്ന റെക്കോർഡാണ് ഗില്ലിന് മുന്നിൽ ഉള്ള ഏറ്റവും വലിയ വെല്ലുവിളി. ആ നേട്ടം മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റന് 196 റൺസ് കൂടി ആവശ്യമാണ്.
അതേസമയം ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം മത്സരം പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 387 റൺ പിന്തുടർന്ന ഇന്ത്യ 128 – 3 എന്ന നിലയിലാണ് നിൽക്കുന്നത്.
Discussion about this post