ലക്നൗ: ഗുണ്ടാ തലവനും കൊടും കുറ്റവാളിയുമായ മുക്താർ അൻസാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ കാൺപൂരിൽ അതീവ ജാഗ്രത. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള മുൻകരുതൽ എന്നോണമാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
മുക്താർ അൻസാരിയുടെ വലംകയ്യായിരുന്ന സഞ്ജീവ് ജീവനയെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. എതിർ ഗ്യാംഗിൽപ്പെട്ട ആളുകൾ ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ മുക്താർ അൻസാരിയുടെ സംഘവും മറ്റ് ഗുണ്ടാ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അനധികൃതമായി പൊതുസ്ഥലത്ത് സംഘം ചേരരുത് എന്നാണ് പോലീസ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിഷയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുത് എന്നും നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടൽ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തിരിച്ചറിയൽ രേഖകളുമായി എത്തുന്നവർക്ക് അല്ലാതെ പ്രവേശനം നൽകരുതെന്നാണ് ഇന്റർനെറ്റ് കഫേ ജീവനക്കാർക്ക് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുസ്ഥലങ്ങൾളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഇന്നലെയാണ് സഞ്ജീവ് ജീവനയെ വെടിവെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. 1997 ൽ ബിജെപി നേതാവ് ബ്രഹ്മ ദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ഇയാളെ ഇന്നലെ ലക്നൗ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിലേക്ക് കയറുന്നതിന് മുൻപായിരുന്നു ഇയാൾക്ക് വെടിയേറ്റത്.
Discussion about this post