ഒരു കോടിയുടെ ലോട്ടറി അടിച്ചു; അന്യസംസ്ഥാന തൊഴിലാളി അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ

Published by
Brave India Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപയുടെ ലോട്ടറി അടിച്ച പശ്ചിമബംഗാൾ സ്വദേശി ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിൽ. ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ”സർ, മുച്ഛേ ബചാവോ..’എന്ന് പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നൽകി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.

പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി.

ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

Share
Leave a Comment

Recent News