കനത്ത മഴ തുടരുന്നു; ആലപ്പുഴയിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

Published by
Brave India Desk

ആലപ്പുഴ; ആലപ്പുഴയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കളക്ടറേറ്റിൽ എത്തിയ എൻഡിആർഎഫ് സംഘവുമായി കളക്ടർ ചർച്ച നടത്തി. ആവശ്യമായ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൻഡിആർഎഫ് സംഘത്തിന്റെ സേവനം തേടിയത്.

തീരമേഖലകളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറായിരിക്കാനും മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും കളക്ടർ നിർദ്ദേശിച്ചിരുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News