വാഷിംഗ്ടൺ : അമിതമായി വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം. 20 മിനിറ്റിൽ 2 ലിറ്റർ വെള്ളം കുടിച്ച് തീർത്ത 35 കാരിയാണ് മരിച്ചത്. ഒരാൾ കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മരണത്തിന് കാരണമായത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആഷ്ലി സമ്മേഴ്സ് എന്ന യുവതിയാണ് ഇതിന് ഇരയായത്. ജൂലൈ നാലിന് ഇന്ത്യാനയിലെ ഫ്രീമാൻ തടാകത്തിൽ തന്റെ ഭർത്താവിനും രണ്ട് പെൺമക്കൾക്കും ഒപ്പം എത്തിയതായിരുന്നു ആഷ്‌ലി. കടുത്ത നിർജ്ജലീകരണം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഇവർ വെള്ളം കുടിക്കാൻ ആരംഭിച്ചു. രണ്ട് ലിറ്റർ വെള്ളം അവർ 20 മിനിറ്റിനുള്ളിൽ കുടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒരു ദിവസം കൊണ്ട് നമ്മൾ കുടിക്കുന്ന വെള്ളമാണ് ആഷ്‌ലി 20 മിനിറ്റിൽ കുടിച്ചത് എന്ന് സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.
തുടർന്ന് യുവതിക്ക് തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ ആരംഭിച്ചു. വീട്ടിലെത്തിയപ്പോഴേക്കും ഗ്യാരേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായിരുന്നു. വാട്ടർ ടോക്‌സിസിറ്റി മൂലം യുവതി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.
യുവതിയുടെ ഹൃദയവും, കരളും, ശ്വാസകോശവും, വൃക്കകളും എല്ലാം ദാനം ചെയ്തു. ഇതിലൂടെ അഞ്ച് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
Leave a Comment