ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും പാമ്പ് കള്ളക്കടത്ത് ; യാത്രക്കാരന്റെ ബാഗേജിൽ കണ്ടെത്തിയത് 12 പെരുമ്പാമ്പുകളെ

Published by
Brave India Desk

ചെന്നൈ : കേരളത്തിലെ വിമാനത്താവളങ്ങൾ സ്വർണക്കടത്തിന്റെ പേരിലാണ് പ്രശസ്തമെങ്കിൽ ചെന്നൈ വിമാനത്താവളത്തിൽ പലപ്പോഴും അപൂർവയിനം വന്യജീവികളെയും മറ്റും കടത്തുന്നതാണ് കണ്ടെത്താറുള്ളത്. ഇത്തവണ കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയത് 12 പെരുമ്പാമ്പുകളെയാണ്. ബാഗേജിൽ ഒളിപ്പിച്ച രീതിയിലായിരുന്നു പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ഇവയെ കടത്താൻ ശ്രമിച്ചയാളെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ബാങ്കോക്കിൽ നിന്ന് വന്നെത്തിയ വ്യക്തിയെ ആണ് പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് 12 പെരുമ്പാമ്പുകളെ കണ്ടെത്തിയത്. അപൂർവ ഇനത്തിൽപ്പെട്ട ബോൾ പൈതൺ, വൈറ്റ് പൈതൺ എന്നിവയാണ് പിടികൂടിയിട്ടുള്ളത്.

ബോൾ പൈതൺ വംശനാശഭീഷണി നേരിടുന്ന ഇനമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം അപൂർവ്വയിനം ഉരഗങ്ങളുടെ അനധികൃത വിൽപ്പന തായ്‌ലൻഡിൽ ധാരാളമായി നടക്കുന്നുണ്ട്. പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share
Leave a Comment

Recent News