കോഴിക്കോട് : കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശ്വാസകരമായ വിവരങ്ങളാണ് ഉള്ളതെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുണ്ട്. കൂടാതെ ചികിത്സയിലുള്ള മറ്റു മൂന്നു പേര്‍ക്കും കാര്യമായ രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുവരെ പരിശോധിച്ച 323 സാമ്പിളുകളില്‍ 317 എണ്ണവും നെഗറ്റീവാണ്. ആറെണ്ണമാണ് പോസിറ്റീവ്. മൊത്തം 994 പേരാണ് നിലവില്‍ ഐസോലേനിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യ കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയതിനാല്‍ അവരെ ഐസൊലേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലുണ്ട്. അവര്‍ക്ക് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമില്ല. ഇവരെല്ലാം നെഗറ്റീവാണ്. നിലവില്‍ രോഗവ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാനുള്ള ഘട്ടമായിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Leave a Comment