ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ചരിത്രത്തിൽ ആദ്യമായി വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. വ്യോമസേനയുടെ 51 വിമാനങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്നും ഐഎഎഫ് വ്യക്തമാക്കി.
കൂടാതെ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 48 അഗ്നിർ വനിതകളും പങ്കെടുക്കും. ഏരിയൽ ഫ്ലൈപാസ്റ്റിൽ വ്യോമസേനയുടെ വിവിധ വിമാനങ്ങൾ പ്രവർത്തിക്കുന്നതിനായി 15 വനിതാ പൈലറ്റുമാരും പങ്കെടുക്കും എന്നുള്ളതും ഈ വർഷത്തെ പ്രത്യേകതയാണ്. ‘ഭാരതീയ വായു സേന : സാക്ഷ്യം, സശക്ത്, ആത്മനിർഭർ ‘ എന്നതാണ് ഈ വർഷത്തെ വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയുടെ തീം.
റിപ്പബ്ലിക് ദിന പരിപാടിയിൽ വ്യോമസേനയുടെ കരുത്ത് തെളിയിക്കുന്ന 29 യുദ്ധവിമാനങ്ങളും സൈനികർക്കുള്ള 8 യാത്രാ വിമാനങ്ങളും 13 ഹെലികോപ്റ്ററുകളും ഒരു ഹെറിറ്റേജ് ഹെലികോപ്റ്ററും പങ്കെടുക്കുന്നതാണ്. ഇതുകൂടാതെ 1971 ൽ പാകിസ്താനുമായി നടന്ന യുദ്ധത്തിന്റെ സമയത്ത് രഹസ്യ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തിയ ‘തംഗയിൽ എയർ ഡ്രോപ്പ് ‘ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പുനരാവിഷ്കരിക്കുമെന്നും വ്യോമസേന അറിയിച്ചു.
Discussion about this post