തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. അസ്ഥികൂടത്തിന് സമീപത്തു നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തി തന്നെയാണോ മരിച്ച ആൾ എന്നറിയാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. അവിനാശ് ആനന്ദ് എന്ന പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ് ആണ് വാട്ടർ ടാങ്കിലെ അസ്ഥികൂടത്തിന് സമീപത്തു നിന്നും ലഭിച്ചിരുന്നത്.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അവിനാശ് ആനന്ദിന്റെ അച്ഛൻ അസ്ഥികൂടം പരിശോധിച്ചെങ്കിലും മകൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. 2017 മുതൽ മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാശിന്റെ പിതാവ് വ്യക്തമാക്കി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
കാര്യവട്ടം ക്യാമ്പസിന് ഉള്ളിലെ സുവോളജി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വാട്ടർ അതോറിറ്റിക്ക് ടാങ്ക് നിർമ്മിക്കാനായി സർവ്വകലാശാല വർഷങ്ങൾക്കു മുൻപ് പാട്ടത്തിന് നൽകിയ ഭൂമിയാണിത്. മൺവിളയിൽ മറ്റൊരു വാട്ടർ ടാങ്ക് നിർമ്മിച്ചതോടെ 20 വർഷമായി കാര്യവട്ടം ക്യാമ്പസിലെ ഈ വാട്ടർ ടാങ്ക് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശത്ത് നാലു വർഷങ്ങൾക്കു മുൻപ് മാത്രമാണ് ചുറ്റുമതിൽ നിർമ്മിച്ചത്. മതിൽ നിർമ്മിക്കുന്നതിന് മുൻപ് ആയിരിക്കും മൃതദേഹം ടാങ്കിൽ എത്തിയത് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഡ്രൈവിംഗ് ലൈസൻസിന് ഉടമയായ അവിനാശ് തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്ത് ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അവിനാശിനെ 2017 ന് ശേഷം കാണാതായെന്നാണ് റിപ്പോർട്ട്.
Discussion about this post