കൊല്ലം : ആൾതാമസം ഇല്ലാതെ കിടന്നിരുന്ന വീടിനുള്ളിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ ഒഴിഞ്ഞു കിടന്നിരുന്ന വീടിന്റെ കുളിമുറിയിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നിലയിലുള്ള രണ്ടു ചെടികളാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്.
ആദിനാട് വടക്ക് തയ്യിൽ ക്ഷേത്രത്തിനു സമീപം ഏറെക്കാലമായി ആൾപ്പാർപ്പില്ലാതെ കിടന്നിരുന്ന വീട്ടിലാണ് കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. ഒഴിഞ്ഞു കിടക്കുന്ന ഈ വീട് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധർ പ്രവർത്തിക്കുന്നതായും മദ്യവും കഞ്ചാവും അടക്കമുള്ളവ ഉപയോഗിക്കുന്നതായും പരാതി ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഈ വീടിനുള്ളിൽ പരിശോധന നടത്തിയത്.
ഏറെക്കാലമായി ഉപയോഗമില്ലാത്തതിനാൽ ഇടിഞ്ഞു പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലായിരുന്നു ഈ വീട്. എക്സൈസ് ഉദ്യോഗസ്ഥർ അകത്തു കയറി നടത്തിയ പരിശോധനയിലാണ് കുളിമുറിക്കുള്ളിൽ ഗ്രോബാഗിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 21 സെന്റീമീറ്റർ നീളമുള്ള ചെടികൾ ആയിരുന്നു ഇവ. ഇന്ന് രാവിലെയും ചെടികൾക്ക് വെള്ളം ഒഴിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ഒഴിഞ്ഞു കിടന്നിരുന്ന വീടിനകത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പ്രതിയെ ഉടൻതന്നെ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Comment