ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രസിഡണ്ടിന് പരിക്കേറ്റിരുന്നതായി വെളിപ്പെടുത്തി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി). ജൂൺ 16 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പരിക്കേറ്റിരുന്നു എന്നാണ് ഐആർജിസിയുമായി ബന്ധപ്പെട്ട ഫാർസ് ന്യൂസ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. ബെയ്‌റൂട്ടിൽ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ മാതൃകയിലായിരുന്നു ഈ ആക്രമണം എന്നും ഐആർജിസി വെളിപ്പെടുത്തി.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കുന്ന ടെഹ്‌റാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നത്. രക്ഷപ്പെടാനുള്ള വഴികൾ തടയുന്നതിനും വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതിനുമായി ആറ് മിസൈലുകൾ കെട്ടിടത്തിന്റെ പ്രവേശന, എക്സിറ്റ് പോയിന്റുകൾ ലക്ഷ്യമാക്കി പതിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. സ്ഫോടനങ്ങൾക്ക് ശേഷം കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. പ്രസിഡന്റ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി ചീഫ് ഗോലാംഹൊസൈൻ മൊഹ്‌സെനി എജെയ് എന്നിവരുൾപ്പെടെ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയിരുന്ന ഒരു അടിയന്തര ഹാച്ചിലൂടെ സംഘത്തെ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ഇറാൻ സൈന്യം വ്യക്തമാക്കുന്നത്.
പെസെഷ്കിയനൊപ്പം, മറ്റ് ചില ഉദ്യോഗസ്ഥർക്കും രക്ഷപ്പെടുന്നതിനിടെ നിസ്സാര പരിക്കേറ്റു എന്നും ഐആർജിസി വെളിപ്പെടുത്തി.
Discussion about this post