കോഴിക്കോട്: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ. മോർഫ് ചെയ്ത തന്റെ വീഡിയോ ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. മോർഫ് ചെയ്ത പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത് എന്നും ശൈലജ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ശൈലജയുടെ പ്രതികരണം.
പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനായി ശൈലജയുടെ മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ എതിർപാർട്ടിക്കാർ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ വാദം. ഇതിന്റെ പേരിൽ എതിർ പാർട്ടിക്കാർക്കെതിരെ വ്യാപക ക്യാമ്പെയ്‌നുകളും ഇടതുപാളയത്തിൽ സജീവമാണ്. ഇതോടെ സിപിഎമ്മിന്റേത് വ്യാജ പ്രചാരണമാണെന്ന വിമർശനവും ഉയർന്നു. വീഡിയോ എവിടെയെന്ന ചോദ്യവുമായി ആളുകൾ രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയാണ് ശൈലജയുടെ മലക്കംമറിച്ചിൽ.
മോർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ വ്യക്തമാക്കി. തലമാറ്റി ഒട്ടിച്ച പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരത്തിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. വീഡിയോ എവിടെയെന്നാണ് എല്ലാവരും ഇപ്പോൾ ചോദിക്കുന്നത്. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നത്. സഹികെട്ടപ്പോഴാണ് ഇതിനെതിരെ പ്രതികരിച്ചത്. സൈബർ ആക്രമണം സംബന്ധിച്ച പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും ശൈലജ പ്രതികരിച്ചു.
മുസ്ലീം പേരിൽ വ്യാജ ഐഡിയുണ്ടാക്കി പോസ്റ്ററുകൾ ഇടുന്നു. പോസ്റ്ററുകൾ പ്രചരിച്ചാൽ പിന്നെ ആ ഐഡി ഡിലീറ്റ് ചെയ്യുന്നു. ഇക്കാര്യം ഉന്നയിക്കുമ്പോൾ നിങ്ങൾ പണ്ട് ഇങ്ങനെ ചെയ്തിട്ടില്ലേ എന്നാണ് ചോദിക്കുന്നത്. ഇത് ശരിയാണോ?. താനൊരു സ്ത്രീ മാത്രമല്ല രാഷ്ട്രീയ നേതാവ് കൂടിയാണ്. എല്ലാ പുരുഷന്മാരെ പോലെ അവകാശമുള്ള ഉത്തരവാദിത്വമുള്ള പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം ആണെന്നും ശൈലജ കൂട്ടിച്ചേർത്തു.
Leave a Comment