തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ചേർന്ന് ജോലി കളഞ്ഞെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. വഴുതക്കാട് സ്വദേശി ചന്ദ്രബാബുവാണ് പരാതിയുമായി രംഗത്ത് എത്തിയിരുന്നത്. വഴുതക്കാട് പാസ്‌പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
നോ പാർക്കിംഗ് സ്ഥലത്ത് വാഹനം ഇടരുതെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു ചന്ദ്രബാബുവിനോടുള്ള മേയറുടെയും ഭർത്താവിന്റെയും പ്രതികാര നടപടി. സംഭവത്തെക്കുറിച്ച് ചന്ദ്രബാബു പറയുന്നത് ഇങ്ങനെ- ഔദ്യോഗികവാഹനത്തിൽ കുഞ്ഞുമായി പാസ്‌പോർട്ട് ഓഫീസിൽ എത്തിയതായിരുന്നു ദമ്പതികൾ. ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിൽ നോ പാർക്കിംഗ് എന്ന് എഴുതിയ സ്ഥലത്തായിരുന്നു ഇവർ കാർ നിർത്തിയത്. ഇത് കണ്ട ചന്ദ്രബാബു വാഹനം മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് വകവയ്ക്കാതെ വാഹനം അവിടെ തന്നെ നിർത്തി മേയറും ഭർത്താവും ഓഫീസിലേക്ക് പോകുകയായിരുന്നു.
തിരിച്ചുവന്ന ഇരുവരും ചേർന്ന് ചന്ദ്രബാബുവിനെ ഭീഷണിപ്പെടുത്തി. ഇതിന് പത്ത് മിനിറ്റുകൾക്ക് ശേഷം കെട്ടിടത്തിന്റെ ഉടമ ജോലിയിൽ നിന്നും മാറി നിൽക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഏജൻസിയിൽ നിന്നും അറിയിപ്പും വന്നു. ഇതോടെ അദ്ദേഹത്തിന് ജോലി നഷ്ടമാകുകയായിരുന്നു.
ഒരു മാസത്തോളം ജോലിയില്ലാതെ വീട്ടിൽ ഇരുന്നതായി ചന്ദ്രബാബു പറയുന്നു. പിന്നീട് മറ്റൊരു മറ്റൊരു ഏജൻസിയിലേക്ക് മാറി. ഇതിന് ശേഷമാണ് ജോലി കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇത്. അതേസമയം ചന്ദ്രബാബുവിന്റെ പരാതി തള്ളി മേയർ രംഗത്ത് എത്തി. സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നുമായിരുന്നു ആര്യയുടെ പ്രതികരണം.
Leave a Comment