കൊച്ചി: ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ ബാബു സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് ഇടക്കാല ഉത്തരവിന് പരിഗണിക്കും.
വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വാദം പൂര്‍ത്തിയാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാബു നല്കിയ ഹരജി ബുധനാഴ്ച ജസ്റ്റിസ് പി. ഉബൈദ് പരിഗണിച്ചെങ്കിലും വാദം കേട്ട് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഹൈകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ജനുവരി 25ന് ഇടക്കാല വിധി വരാനിരിക്കെ 23ന് വിജിലന്‍സ് കോടതി ഇത്തരമൊരു ഉത്തരവിട്ടത് ശരിയായ നടപടിയല്ല എന്നായിരുന്നു ഹരജിയില്‍ ബാബു ചൂണ്ടിക്കാണിച്ചത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറും വിജിലന്‍സ് ഡയറക്ടറും ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേസ് പഠിച്ചശേഷം കൂടുതല്‍ വാദം കേള്‍ക്കാമെന്ന കോടതിയുടെ നിലപാടിനെ സര്‍ക്കാര്‍ ഉള്‍പ്പെടെ കക്ഷികള്‍ പിന്തുണക്കുകയായിരുന്നു.
.
Discussion about this post