ഇസ്ലാമാബാദ് : ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഉണ്ടായ വൻ വിലക്കയറ്റത്തിൽ വലഞ്ഞിരിക്കുകയാണ് പാകിസ്താൻ ജനത. പല നിത്യോപയോഗ സാധനങ്ങൾക്കും ഇരട്ടിയിൽ അധികമായാണ് വില ഉയർന്നിട്ടുള്ളത്. ബലിപെരുന്നാളിന് രണ്ട് ദിവസം മുൻപ് മുതൽ പാകിസ്താനിൽ തക്കാളി വില 200 രൂപ ആയാണ് ഉയർന്നത്. നേരത്തെ വിവിധ ജില്ലാ ഭരണകൂടങ്ങൾ തക്കാളി വില 100 രൂപയാക്കി പരിധി നിശ്ചയിച്ചിരുന്നു എങ്കിലും പെരുന്നാൾ പ്രമാണിച്ച് വില ഇരട്ടിയിൽ അധികമായി ഉയരുകയായിരുന്നു.
പാകിസ്താനിൽ കോഴിയിറച്ചി വില നേരത്തെ സർക്കാർ 474 രൂപയാക്കി പരിധി നിശ്ചയിച്ചിരുന്നെങ്കിലും വിപണിയിൽ വിൽക്കുന്നത് കിലോയ്ക്ക് 520 മുതൽ 700 രൂപ വരെ നിരക്കിലാണ്. പാകിസ്താനി വിഭവങ്ങളിലെ മറ്റൊരു പ്രധാന സാന്നിധ്യമായ ചെറുനാരങ്ങയ്ക്കും വലിയ രീതിയിലാണ് വില ഉയർന്നിട്ടുള്ളത്. കിലോ 480 രൂപയ്ക്കാണ് നിലവിൽ പാകിസ്താനിൽ ചെറുനാരങ്ങ വിൽക്കുന്നത്. ഇവ കൂടാതെ ഉരുളക്കിഴങ്ങിന് 80 രൂപയും ഉള്ളിക്ക് 150 രൂപയുമാണ് നിലവിൽ പാകിസ്താനിൽ വില ഉയർന്നിട്ടുള്ളത്.
രൂക്ഷമായ രീതിയിലുള്ള വിലക്കയറ്റം മൂലം പെഷവാർ ഡെപ്യൂട്ടി കമ്മീഷണർ ജില്ലയിൽ നിന്ന് പുറത്തേക്ക് തക്കാളി കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തി. ബലിപെരുന്നാൾ പ്രമാണിച്ച് വിവിധ പ്രദേശങ്ങളിലെ കച്ചവടക്കാർ തോന്നുന്ന രീതിയിൽ വില ഉയർത്തുന്നു എന്നാണ് ഭരണകൂടം ആരോപിക്കുന്നത്. എന്നാൽ വിലക്കയറ്റം തടയുന്നതിനായി സർക്കാരിന് യാതൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം പാകിസ്താനിലെ സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
Leave a Comment