തൃശ്ശൂർ: കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്രയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ റോബർട്ട് വാദ്ര കൂടി മത്സരിച്ചാൽ കോൺഗ്രസിന് തൃപ്തിയാകും. വയനാട് കുടുംബമാണെന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായത് എന്നും സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2019 ലും 2024 ലെയും തിരഞ്ഞെടുപ്പ് കാലത്ത് വയനാട് എന്റെ കുടുംബം ആണെന്നായിരുന്നു രാഹുൽ ഗാന്ധി ആവർത്തിച്ച് പറഞ്ഞത്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം ഇപ്പോഴാണ് എല്ലാവർക്കും മനസിലായത്. സഹോദരി പ്രിയങ്കയെ മണ്ഡലത്തിൽ എത്തിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ റോബർട്ട് വാദ്രയെ കൂടി മത്സരിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. അങ്ങിനെയെങ്കിൽ കേരളത്തിലെ കോൺഗ്രസ് സംതൃപ്തി അണയും. ഇത്രമാത്രം കുടുംബാധിപത്യമുള്ള പാർട്ടി ഭൂലോകത്ത് വേറെയില്ല. ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. രാഹുലിന്റെ കുടുംബത്തിന്റെ കാര്യം വരുമ്പോൾ മറ്റെല്ലാ കാര്യങ്ങളും കോൺഗ്രസ് മറക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇപ്പോ ആളുകൾ പറയുന്നത് അടിച്ച് കേറി വാ അളിയാ എന്നാണ്. പാലക്കാട് അളിയൻ ആകും കോൺഗ്രസിനായി കളത്തിൽ ഇറങ്ങുക. ഇതാണ് കോൺഗ്രസിന്റെ അവസ്ഥ. ഖാർഗെ അവിടെ വെറുതെ ഇരിക്കുകയാണ്. കുടുംബം എന്ന് പറഞ്ഞപ്പോൾ അത് സ്വന്തം കുടുംബം ആണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Leave a Comment