ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമ്മല സീതാരാമൻ നേടുന്നത്. ആറ് തവണ കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജി ദേശായിയെ കടത്തിവെട്ടിയാണ് ഏഴാം ബജറ്റ് അവതരണത്തിലൂടെ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ചരിത്രം കുറിക്കുന്നത്. ജൂലൈ 22 ന് ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിലാണ് നിർമല സീതാരാമൻ ഈ ചരിത്രപരമായ ബജറ്റ് അവതരിപ്പിക്കുക.
1959 മുതൽ 1964 വരെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജ്യത്തിനായി ആറ് ബജറ്റുകൾ അവതരിപ്പിച്ചു. അതിൽ അഞ്ച് സമ്പൂർണ ബജറ്റുകളും ഒരെണ്ണം ഇടക്കാല ബജറ്റുമായിരുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി ഫെബ്രുവരി ഒന്നിന് 2024ലെ ഇടക്കാല യൂണിയൻ ബജറ്റ് അവതരിപ്പിച്ചിരുന്നു.
കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ജൂൺ 20 മുതൽ സമ്പദ്‌വ്യവസ്ഥയിലെ വിവിധ പങ്കാളികളുമായി ധനമന്ത്രാലയം നിരവധി ചർച്ചകൾ നടത്തിയിരുന്നു. മൂലധനച്ചെലവ് വർദ്ധിപ്പിക്കുക, ധനക്കമ്മി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് ഈ ചർച്ചകളിലൂടെ മുന്നോട്ടു വന്നിട്ടുള്ളത്. തൊഴിലവസര വളർച്ച സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയ്‌ക്കൊപ്പം വരുന്ന ബജറ്റിൽ ധനക്കമ്മി കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക വിദഗ്ധരുടെ സംഘം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment