ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനില കുരുക്ക്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ടേബിൾ ടോപ്പേഴ്‌സായ ലിവർപൂൾ, ചെൽസി എന്നീ ടീമുകൾക്കാണ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
സീസണിൽ വിജയക്കുതിപ്പ് തുടരുന്ന ലിവർപൂളിനെ നോട്ടിംഗ്ഹാം ഫോറസ്റ്റാണ് അവരുടെ ഹോം ഗ്രൗണ്ടിൽ 1-1ന് സമനിലയിൽ തളച്ചത്. തകർപ്പൻ ഫോമിലുള്ള ക്രിസ് വുഡിന്റെ ഗോളിൽ എട്ടാം മിനിറ്റിൽ തന്നെ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലീഡ് എടുത്തു. സമനില ഗോളിനായി നിരന്തരം ശ്രമിച്ച ലിവർപൂൾ 66 ആം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. ഡിയാഗോ ജോട്ടയുടെ വകയായിരുന്നു ഇക്വലൈസർ.
പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിവർപൂളിന്റെ പോയിന്റ് ഡ്രോപ്പാകുന്നത്. ഫസ്റ്റ് ലെഗ് മത്സരത്തിൽ ആൻഫീൽഡിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലിവർപൂളിനെ 1-0ത്തിന് അട്ടിമറിച്ചിരുന്നു. അർനെ സ്ലോട്ടിന്റെ ടീം സീസണിൽ നേരിട്ട ഏക തോൽവിയും ഇതായിരുന്നു. 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റ് രണ്ടാം സ്ഥാനത്തേക്ക് കയറി.
പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ച് ബ്രെന്റ്‌ഫോഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശ. രണ്ട് ഗോളിന്റെ ലീഡ് നേടി ആധിപത്യം പുലർത്തിയ സിറ്റി, ഒടുവിൽ രണ്ട് ഗോളുകൾ തിരികെ വാങ്ങി ബ്രെന്റ്‌ഫോഡിനോട് സമനിലയിൽ കുരുങ്ങുകയായിരുന്നു.
66, 78 മിനിറ്റുകളിൽ ഫിൽ ഫോഡനാണ് ഗോളുകൾ നേടി സിറ്റിക്ക് ആധിപത്യം സമ്മാനിച്ചത്. എന്നാൽ, 82 ആം മിനിറ്റിൽ വിസ്സയും സ്റ്റോപ്പേജ് ടൈമിൽ നോർഗാർഡും മാഞ്ചസ്റ്റർ സിറ്റിയുടെ വല കുലുക്കി സ്വന്തം സ്റ്റേഡിയത്തിൽ ബ്രെന്റ്‌ഫോഡിന് 2-2ന്റെ സമനില നേടി കൊടുക്കുകയായിരുന്നു. 21 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയമില്ലാതെ ചെൽസി. ബൊൺമൗത്തിനോട് തോൽക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്ലൂസ്. 2-1ന് പിന്നിൽ നിൽക്കെ സ്റ്റോപ്പേജ് ടൈമിന്റെ അവസാനം റീസ് ജെയിംസ് നേടിയ ഗോളാണ് ചെൽസിയെ രക്ഷിച്ചത്.
കോൾ പാൽമറുടെ ഗോളിൽ 13 ആം മിനിറ്റിൽ തന്നെ ചെൽസി മുന്നിൽ എത്തിയിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ സെമെന്യോയും ക്ലയ് വർട്ടും ബോൺമൗത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 21 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.
Discussion about this post