എറണാകുളം: കേരളത്തിന് ഓണസമ്മാനവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് തുടരും. പാലക്കാട് വഴിയുള്ള തീവണ്ടിയുടെ സർവ്വീസ് ഈ മാസം 26 വരെ തുടരാൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
യാത്രികരുടെ അഭ്യർത്ഥനമാനിച്ച് കഴിഞ്ഞ മാസം 30 മുതലായിരുന്നു എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള സ്‌പെഷ്യൽ സർവ്വീസ് എന്ന നിലയിൽ ആയിരുന്നു ഇത്. ഒരു മാസമാണ് ഈ സർവ്വീസിന്റെ കാലയളവായി നിശ്ചയിച്ചിരുന്നത്.
എന്നാൽ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവ്വീസ് പ്രതീക്ഷിച്ചതിലും വലിയ വിജയമായി. ഇതോടെയാണ് സർവ്വീസ് തുടരാൻ റെയിൽവേ ആലോചന ആരംഭിച്ചത്. സർവ്വീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഏറിയ ദിവസങ്ങളിലും 85-90 ശതമാനം സീറ്റുകളും ബുക്കിംഗോടെയാണ് തീവണ്ടി സർവ്വീസ് നടത്തിയിരുന്നത്.
സർവ്വീസ് തുടരാനുള്ള റെയിൽവേയുടെ തീരുമാനം കേരളത്തിലെ യാത്രികർക്ക് വലിയ ആശ്വാസമാണ്. നിലവിൽ ബംഗളൂരുവിലേക്കുള്ള യാത്രികർ ബസുകളെയാണ് പ്രധാനമായും ആശ്രയിക്കാറുള്ളത്. ഈ വേളയിൽ നിരവധി പ്രശ്‌നങ്ങൾ ഇവർക്ക് അനുഭവപ്പെടാറുണ്ട്. ഇതേ തുടർന്നാണ് ബംഗളൂരുവിലേക്ക് വന്ദേഭാരത് വേണമെന്ന ആവശ്യം ഉയർത്തിയിരുന്നത്.
Leave a Comment