ജീവിതം എളുപ്പമുള്ള ജോലിയല്ല; അതിന് കഠിനാധ്വാനവും ഉത്സാഹവും ആവശ്യമാണ്; രാഹുൽ ഗാന്ധിയെ വിമർശിച്ച് വിദേശകാര്യ മന്ത്രി

Published by
Brave India Desk

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജീവിതമെന്നത് എളുപ്പമുള്ള ഒരു ജോലിയല്ല. അതിന് കഠിനാധ്വാനവും ഉത്സാഹവും ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. കാൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വേഗത്തിൽ പണം കൈമാറ്റം ചെയ്യുമെന്ന വാഗ്ദാനത്തിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഖാത-ഖാത് (എളുപ്പമുള്ള ജോലി) എന്ന വാചകം ആവർത്തിച്ച് ഉപയോഗിച്ചിരുന്നു. ഇതിനെതിരായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.

സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചടങ്ങിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെയാണ് ജയശങ്കറിന്റെ പരാമർശം.

‘നിങ്ങൾ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും യാഥാർത്ഥ്യമാക്കുന്നതു വരെ, ആ നയങ്ങൾ നിലവിൽ വരുന്നതുവരെ, അത് കഠിനാധ്വാനമാണ്. ജീവിതം എളുപ്പമുള്ള ഒരു കാര്യമല്ല, അത് കഠിനാധ്വാനവും ഉത്സാഹവുമാണ്. ഒരു ജോലി ഏറ്റെടുക്കുകയും ആ ജോലി പൂർത്തിയാക്കാൻ അധ്വാനിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും അത് മനസിലാകും. അതുകൊണ്ട് തന്നെ നിങ്ങൾ ജീവിതത്തിൽ എല്ലായ്‌പ്പോഴും കഠിനാധ്വാനം ചെയ്യണമെന്നതാണ് നിങ്ങൾക്കുള്ള എന്റെ സന്ദേശം’ ജയശങ്കർ പറഞ്ഞു.

ഉൽപ്പാദനശേഷി വികസിപ്പിക്കാതെ ഒരു രാജ്യത്തിന് വലിയ ശക്തിയാകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമുക്ക് അതിന് കഴിവില്ലെന്ന് പറയുന്ന ആളുകളുണ്ട്, നിങ്ങൾ അങ്ങനെ പറയരുത്. ഉത്പാദനമില്ലാതെ, ലോകത്തിലെ ഒരു വലിയ ശക്തിയാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കാരണം ഒരു വലിയ ശക്തിക്ക് സാങ്കേതികവിദ്യ ആവശ്യമാണ്. സാങ്കേതികവിദ്യ വികസിപ്പിക്കണമെങ്കിൽ അത് നിർമിക്കാതെ കഴിയില്ലല്ലോ’- ജയശങ്കർ വ്യക്തമാക്കി.

 

Share
Leave a Comment

Recent News