ടെഹ്‌റാൻ: ഇസ്രായേലിൽ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ എത്തിയതായി റിപ്പോർട്ടുകൾ. ഇറാനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇസ്രായേലിലേക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനവും അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി മണിക്കൂറിന് ശേഷമാണ് ഈ നിർണായക നടപടിയെന്നത് ശ്രദ്ധേയമാണ്.
ഇസ്രായേലിന്റെ വ്യോമസംവിധാനത്തിലെ ചില കുറവുകൾ നികത്താനാണ്, യുഎസ് സർവ്വസന്നാഹങ്ങളുമായി രാജ്യത്ത് എത്തിയതെന്നാണ് അഭ്യൂഹം. ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ മുന്നൊരുക്കമാണ് അമേരിക്ക നടത്തുന്നതെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ. അമേരിക്കയുടെ ശക്തമായ അത്യാധുനിക മിസൈൽ ഡിഫൻസ് സിസ്റ്റമായ താഡ് ( ടെർമിനൽ ഹൈ ആൽറ്റിറ്റിയൂട് ഏരിയ ഡിഫൻസ്- താഡ്) ഇസ്രയേലിലേക്ക് അയച്ചതായി പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം വലിയ യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളായാണ് നിരീക്ഷകർ കണക്കാക്കുന്നത്.
നേരത്തെ, യുഎസിന്റെ സമ്മർദ്ദം കാരണം ഇസ്രായേൽ ആദ്യം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുകയെന്നാണ് റിപ്പോർട്ട്. ഇറാൻറെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡന് ഉറപ്പ് നൽകിയിരുന്നു. ആക്രമണങ്ങൾ കടുത്തതോടെ സുരക്ഷിത താവളങ്ങളിലേക്ക് മാറിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കൂട്ടരുമാകും ഇസ്രായേലിന്റെ അടുത്ത വ്യോമക്രമണ ലക്ഷ്യമെന്നും വിവരങ്ങളുണ്ട്.
ഇസ്രായേൽ തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാനും,ആക്രമണത്തിന് മറുപടി മുന്നും പിന്നുംനോക്കാതെയുള്ള തിരിച്ചടി തന്നെയായിരിക്കുമെന്ന് ഇസ്രായേലും പരസ്പരം പോരുവിളിച്ച സാഹചര്യത്തിൽ സമ്പൂർണ യുദ്ധം ഒഴിവാക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്.
Leave a Comment