പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാർത്ഥി സരിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാട് അല്ലെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സരിൻ പറഞ്ഞത് സരിന്റെ നിലപാടാണ്. കുറേ കാലം യുഡിഎഫിൽ ഉണ്ടായിരുന്നതിന്റെ അനുഭവം വച്ചാണ് സരിൻ ഇതെല്ലാം പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
പെട്ടിയിൽ മണിയല്ല തുണിയാണ് എന്ന തരത്തിൽ യുഡിഎഫ് കള്ള പ്രചാരണം നടത്തും. അതിനുള്ള അപാരബുദ്ധിയൊക്കെ യുഡിഎഫ് നേതാക്കൾക്ക് ഉണ്ട്. ഇവരുടെ നേതൃത്വത്തിലേക്ക് യുവ നേതാക്കൾ എത്തിയ ശേഷം എന്തെല്ലാം കള്ളത്തരങ്ങൾ ആണ് കാട്ടിയിട്ടുള്ളത്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി. വടകര തിരഞ്ഞെടുപ്പ് വലിയ ചർച്ചയായി. പാലക്കാട് തിരഞ്ഞെടുപ്പിൽ ഇതിലും വലുത് നടക്കുമെന്ന് എല്ലാവർക്കും അറിയാം.
കള്ളപ്പണമാണ് കൊണ്ടുവന്നത് എന്ന് കൊണ്ടുവന്നവർ പറയില്ല. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ട്. അതിൽ സമഗ്രമായ അന്വേഷണം വേണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. വി.ഡി സതീശൻ പറവൂരിലെ പാവങ്ങളെ പറ്റിച്ച് നടക്കുന്നുണ്ട്. പാലക്കാട് ജനങ്ങളെ പറ്റിക്കാൻ സതീശന് കഴിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഔദ്യോഗിക കാറിൽ വിഡി സതീശൻ പാലക്കാട് ജില്ലയിൽ കാലു കുത്തേണ്ടെന്ന് സിപിഎം തീരുമാനിച്ചാൽ കാല് കുത്തിയ്ക്കില്ല എന്ന് തന്നെയാണ് അർത്ഥം. ഒലപ്പാമ്പ് കാട്ടി സിപിഎമ്മിനെ പേടിപ്പിയ്ക്കാൻ നോക്കണ്ട.
ഞാനിത്രയും പറഞ്ഞ് സിപിഎമ്മിന്റെ നിലപാടാണ്. സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ മുൻകാല അനുഭവങ്ങളുടെ പുറത്താണ്. യുഡിഎഫ് എന്തെല്ലാം കള്ളക്കളി നടത്തുമെന്ന് തങ്ങളെക്കാൾ കൂടുതൽ സരിന് അറിയാം. ഏത് തരംതാണ പണിയും ചെയ്യാൻ മടിയില്ലാത്ത കൂട്ടരാണ് ഷാഫിയും സംഘവും. അതുകൊണ്ടാണ് സരിൻ അങ്ങനെ പറഞ്ഞത്. എന്ത് കള്ളക്കളിയും ഷാഫിയും കൂട്ടരും ചെയ്യുമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
Leave a Comment