ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്‌; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി

Published by
Brave India Desk

എറണാകുളം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ മൂന്ന്‌ സ്ത്രീകളെയും നാട്ടിലെത്തിത്തിച്ചു. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മൂന്ന്‌ പേരെയും തിരികെ എത്തിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മായ, ബന്ധു പാറുക്കുട്ടി, ഡാര്‍ലി എന്നിവര്‍ മായയുടെ പശുവിനെ തേടി വനത്തില്‍  പോയത്. എന്നാല്‍, ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയുമായിരുന്നു.

രാത്രി മുഴുവന്‍ പാറപ്പുറത്ത് പേടിച്ച് കഴിച്ചുകൂട്ടുകയായിരുന്നു എന്ന് പാറുക്കുട്ടി പറയുന്നു.ഒരു കിലോമീറ്റര്‍ മാത്രമേ വീടിന് അടുത്തേക്ക് ഉണ്ടായിരുന്നുള്ളൂ. വീടിനു അടുത്ത് വരെ എത്തിയിരുന്നു. അതിനിടെയാണ്  ആനയെ കണ്ടത്. അതോടെ പെട്ടെന്ന് നേരെ എതിരേ പോവുകയായിരുന്നു. ഇതോടെ വഴി ആകെ തെറ്റി പോയി. ആനയെ ഭയന്നാണ് രാത്രി മുഴുവന്‍ കഴിഞ്ഞത്. ആനക്ക് എത്താന്‍ പറ്റാത്ത ഉയർന്ന പാറ കൂട്ടം നോക്കി അതിനു മുകളില്‍ കയറി ഇരിക്കുകയായിരുന്നു. പാറയുടെ മുകളില്‍ എത്തിയപ്പോൾ അതാണ് സുരക്ഷിതമായി ഇരിക്കാവുന്ന സ്ഥലം എന്ന് തോന്നിയതോടെ അതിനു മുകളില്‍ കയറുകയായിരുന്നു’- പാറുക്കുട്ടി പറഞ്ഞു.

അതേസമയം,  മൂന്ന്‌ പേരും അവരുടെ ബന്ധുക്കളെ കണ്ടു. മൂന്ന്‌ പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Share
Leave a Comment

Recent News