കൊല്ലം: നടി അനുശ്രീയുടെ കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി പ്രബിൻ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അനുശ്രീയുടെ വാഹനം പ്രതി മോഷ്ടിച്ചത്. ഇഞ്ചക്കാടുള്ള പേ ആന്റ് പാർക്കിൽ വാഹനം നിർത്തിയിട്ടതായിരുന്നു നടി. എന്നാൽ തിരികെ വന്നപ്പോൾ വാഹനം കാണാനില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വാഹനം മോഷ്ടിച്ചയുടൻ തന്നെ പിടിക്കപ്പെടാതിരിക്കാൻ പ്രബിൻ ജില്ല വിട്ടിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി മറ്റൊന്ന് പകരം സ്ഥാപിച്ചായിരുന്നു യാത്ര. ഈ കാറുമായി വെള്ളറട ഭാഗത്ത് എത്തിയ പ്രതി റബ്ബർ വ്യാപാര കേന്ദ്രത്തിൽ നിന്നും 500 കിലോ റബ്ബറും മോഷ്ടിക്കുകയായിരുന്നു.
ഞായറാഴ്ച ഈ കാറുമായി പത്തനംതിട്ട പെരിനാട് എത്തിയ പ്രബിൻ, മോഷ്ടിച്ച റബ്ബർഷീറ്റ് ഇവിടെ വിറ്റു. ശേഷം ഈ പണവുമായി കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ച പ്രബിന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ പറമ്പിൽ ഈ കാർ ഉപേക്ഷിച്ച പ്രതി അവിടെ നിന്നും ഇരുചക്രവാഹനത്തിൽ കൊല്ലത്തേയ്ക്ക് തിരിച്ചു. ഇതിനിടെ കൊട്ടാരക്കരയിൽവച്ച് ഇയാൾ അറസ്റ്റിലാകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും ഇയാൾ സ്ഥിരം വാഹന മോഷ്ടാവാണെന്ന് വ്യക്തമാകുകയായിരുന്നു. ഒരു കേസിൽ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Leave a Comment