കോഴിക്കോട്: മലബാറിലെ വ്യായാമ പരിശീലന പദ്ധതി മെക് സെവന് പുറകിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന ആരോപണവുമായി സുന്നി സംഘടനകളും സി പി എമ്മും വിശ്വഹിന്ദു പരിഷത്തും. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ അതിവേഗം പ്രചരിക്കുന്ന ഒരു വ്യായാമ കൂട്ടായ്മ ഇതോടു കൂടി വലിയ വിവാദമായി മാറുകയാണ്.
അതെ സമയം മെക് സെവൻ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരെ ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മൾട്ടി എക്‌സർസൈസ് കോമ്പിനേഷനെതിരെ (എംഇസി 7) എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള സുന്നി സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്.
സുന്നി യുവജന സംഘം (SYS) ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ, MEC 7 നെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. നിരുപദ്രവകരമായ ശാരീരിക വ്യായാമത്തിന് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണെന്നാണ് മുഹമ്മദലി വ്യക്തമാക്കുന്നത്. 2012ൽ മലപ്പുറം ജില്ലയിലെ തുറക്കൽ സ്വദേശിയായ പി സലാഹുദീൻ വികസിപ്പിച്ച ഒരു വ്യായാമ പദ്ധതിയാണ് എംഇസി 7. തുടക്കത്തിൽ തന്നെ ഇതിന്റെ ഉദ്ദേശങ്ങൾ ഇങ്ങനെ ആയിരുന്നോ, അതോ പിന്നീട് ജമാ അത്താ ഇസ്ലാമി ഇതിലേക്ക് നുഴഞ്ഞു കയറിയതാണോ എന്ന് വ്യക്തമല്ല.
ഒരിക്കൽ പരിശീലനത്തിനെത്തിയയാള്‍ അഭ്യാസമുറകള്‍ പഠിച്ചെടുത്ത് അത് സ്വന്തം നാട്ടില്‍ പ്രയോഗിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത് . ഇതിനെയാണ് തീവ്ര ഇസ്ലാമിക സംഘടനകളായ ജമാ അത്താ ഇസ്ലാമി നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകർ തുടങ്ങിയവർ മുതലെടുക്കുന്നതായി സംശയവും വിമര്‍ശനവും ഉയര്‍ന്നത്. കൂട്ടായ്മകളിലെ ചില പ്രസംഗങ്ങളുടെ ക്ലിപ്പുകളും ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.
ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഈ വേദിയെ മുതലെടുക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ അന്വേഷണത്തില്‍ അങ്ങനെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെന്ന് സമസ്ത എപി വിഭാഗവും നിലപാട് വ്യക്തമാക്കിയിരുന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുള്‍റഹ്മാന്‍ സഖാഫിയാണ് ഇങ്ങനെ പറഞ്ഞത്.
Leave a Comment