പത്തനംതിട്ട: ക്രിസ്തുമസ് അവധിക്ക് സ്കൂൾ അടച്ചപ്പോൾ അയ്യനെ കാണാൻ മാള കയറി കുരുന്നുകൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമലയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട് . ഡിസംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്.
ഈ ദിവസങ്ങളെ അപേക്ഷിച്ചു തിരക്ക് കുറഞ്ഞ ഡിസംബർ 21,22 തിയതികളിൽ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ വരവ് തിരക്ക് വീണ്ടും കൂടിയ ഇന്നലത്തെ കണക്ക് പ്രകാരവും (ഡിസംബർ 23) കുട്ടികളുടെ വൻതോതിലുള്ള ഒഴുക്കാണ് കാണുന്നത്. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും അയ്യനെ കാണാൻ മല കയറുന്നത്.
കുട്ടികളുടെ കൈയിൽ അണയ്ക്കുന്ന റിസ്റ്റ് ബാൻഡിന്റെ എണ്ണമെടുത്താൽ തന്നെ വലിയ വർധനവ് പ്രകടമാണ്. ഈ വർഷം ഡിസംബർ 21 വരെ 2,24,768 പേരാണ് റിസ്റ്റ്് ബാൻഡ് അണിഞ്ഞു സന്നിധാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഈ സമയം 1,70,042 പേരാണ് റിസ്റ്റ് ബാൻഡ് അണിഞ്ഞത്. പ്രായമേറിയ സ്ത്രീകൾക്കും കൂട്ടം തെറ്റാതിരിക്കാൻ റിസ്റ്റ് ബാൻഡ് നൽകാറുണ്ട്.
Discussion about this post