കള്ളക്കടല്‍ പ്രതിഭാസം: 21 വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത, കേരള തീരത്ത് ജാഗ്രത, കടലിലെ വിനോദം വേണ്ട

Published by
Brave India Desk

 

തിരുവനന്തപുരം ന്മ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും; തമിഴ്നാട് തീരത്ത് 2.30 വരെ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും തിരമാലകള്‍ ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. നിലവിലുള്ള മുന്നറിയിപ്പ് പിന്‍വലിക്കുന്നതു വരെ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സമുദ്രോപരിതലത്തിലെ മാറ്റങ്ങളെത്തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണു ഇതിനെ കള്ളക്കടല്‍ എന്നു പേരിട്ടത്.

 

Share
Leave a Comment

Recent News