കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും കനത്ത നാശം വിതച്ച് പ്രകൃതി. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ കനത്ത മഴയെ തുടർന്ന് 36 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും മറ്റു നിരവധി പേരെ കാണാതാവുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഫറാ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
മോശം കാലാവസ്ഥ കാരണം 240 വീടുകൾ പൂർണ്ണമായും തകർന്നു. 61 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ വലിയ അളവിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി താലിബാൻ സർക്കാരിന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് അബ്ദുള്ള ജാൻ സൈക്ക് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് സർവേ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും സർക്കാരിതര സംഘടനകളുമായി സഹകരിച്ച് സർവേ പുരോഗമിക്കുകയാണെന്നും അബ്ദുള്ള ജാൻ സൈക്ക് അറിയിച്ചു.
കഴിഞ്ഞ വർഷവും അഫ്ഗാനിസ്ഥാനിൽ മഴ വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചിരുന്നു. കഴിഞ്ഞ വർഷം 500-ലധികം പേരാണ് കനത്ത മഴയെ തുടർന്ന് മരിച്ചത്. അതേസമയം നിരവധി പേർക്ക് പരിക്കേറ്റു. കൂടാതെ തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ വലിയ നാശനഷ്ടങ്ങളും രാജ്യത്ത് സൃഷ്ടിക്കുന്നുണ്ട്. മഴ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിലൂടെ അഫ്ഗാനിസ്ഥാന് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
Leave a Comment