വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത് എന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്തിരുന്നു എന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ സൈനികരെ സന്ദർശിക്കുന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ശക്തികളായ 2 അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ പരോക്ഷമായ സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നും ട്രംപ് അഭിപ്രായപ്പെട്ടു. സംഘർഷങ്ങൾ പരിഹരിച്ച് വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇരു രാജ്യങ്ങളോടും പറയുന്നത് എന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യ-പാകിസ്താൻ വെടി നിർത്തലിൽ ഡൊണാൾഡ് ട്രംപ് പങ്കുവഹിച്ചതായുള്ള വാർത്തകൾ നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. പാകിസ്താൻ ഡിജിഎംഒ ആണ് വെടിനിർത്തൽ അപേക്ഷയുമായി ആദ്യം ഇന്ത്യയെ സമീപിച്ചതെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇന്ത്യൻ സർക്കാരും സൈനിക വൃത്തങ്ങളും ചേർന്ന് നടത്തിയ ചർച്ചയിൽ വെടിനിർത്തലിന് അനുകൂലമായ തീരുമാനം ഇന്ത്യ സ്വീകരിക്കുകയായിരുന്നു.
Leave a Comment