മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം തള്ളി ; പാകിസ്താന് നയതന്ത്ര തിരിച്ചടിയുമായി മലേഷ്യ ; ഇന്ത്യയ്ക്ക് പിന്തുണ

Published by
Brave India Desk

ക്വാലാലംപൂർ : ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയെ സമീപിച്ച പാകിസ്താന് വൻ തിരിച്ചടി. മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യൻ പ്രതിനിധി സംഘത്തിന് പരിപാടി നടത്താൻ അവസരം നൽകരുത് എന്നുമായിരുന്നു മലേഷ്യയിലെ പാകിസ്താൻ എംബസി മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം മലേഷ്യൻ സർക്കാർ തള്ളി.

ഇന്ത്യൻ പ്രതിനിധി സംഘത്തിന് പൂർണ്ണ പിന്തുണയാണ് മലേഷ്യൻ സർക്കാർ നൽകിയത്. ജെഡിയു എംപി സഞ്ജയ് ഝാ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘമാണ് മലേഷ്യ സന്ദർശിച്ചത്. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാംഗ് ജോഷി, തൃണമൂലിൻ്റെ അഭിഷേക് ബാനർജി, സിപിഎമ്മിൻ്റെ ജോൺ ബ്രിട്ടാസ്, കോൺഗ്രസിൻ്റെ സൽമാൻ ഖുർഷിദ്, മുൻ നയതന്ത്രജ്ഞൻ മോഹൻ കുമാർ എന്നിവരും മലേഷ്യ സന്ദർശിച്ച പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.

പ്രാദേശിക സമാധാനം, സുരക്ഷ, വികസനം എന്നിവയിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പാക്കുന്നതിനാണ് ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ വിദേശ സന്ദർശനം. ഭീകര സംഘടനകൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണ ഉയർത്തിക്കാട്ടുക, ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കുക എന്നിവയാണ് പ്രതിനിധി സംഘം ലക്ഷ്യമിട്ടത്. മലേഷ്യയ്ക്ക് പുറമേ, ജപ്പാൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും സഞ്ജയ് ഝാ നയിക്കുന്ന സംഘം സന്ദർശനം നടത്തി. 13 ദിവസങ്ങൾ കൊണ്ടാണ് 5 രാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രതിനിധി സംഘം പൂർത്തിയാക്കിയത്.

Share
Leave a Comment

Recent News