ന്യൂഡൽഹി : ബിഎസ്എഫ് സൈനികർക്കുള്ള യാത്രയ്ക്കായി പഴയ, വൃത്തിയില്ലാത്ത ട്രെയിൻ നൽകിയതായുള്ള പരാതിയിൽ അതിവേഗ നടപടിയുമായി കേന്ദ്ര റെയിൽവേ മന്ത്രി. നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അമർനാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി വിന്യസിക്കപ്പെട്ട ത്രിപുരയിൽ നിന്നുള്ള അതിർത്തി സുരക്ഷാ സേന സൈനികരെ ജമ്മുകശ്മീരിലേക്ക് കൊണ്ടുപോകുന്നതിന് ആയിരുന്നു ട്രെയിൻ എത്തിയിരുന്നത്. മോശം അവസ്ഥയിലുള്ള ട്രെയിനിൽ യാത്ര ചെയ്യില്ലെന്ന് ബിഎസ്എഫ് സൈനികർ വ്യക്തമാക്കുകയായിരുന്നു.
ത്രിപുരയിലെ ഉദയ്പൂരിൽ നിന്ന് ജമ്മു താവിയിലേക്ക് 13 കമ്പനികളിൽ നിന്നുള്ള ഏകദേശം 1,200 ബിഎസ്എഫ് സൈനികർക്ക് യാത്ര ചെയ്യുന്നതിനായിരുന്നു ട്രെയിൻ നൽകിയിരുന്നത്. എന്നാൽ ട്രെയിനിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെ ബിഎസ്എഫ് സൈനികർ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ കേന്ദ്ര റെയിൽവേ മന്ത്രി വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ അലിപുർദുവാർ റെയിൽ ഡിവിഷനിലെ മൂന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർമാരെയും ഒരു കോച്ചിംഗ് ഡിപ്പോ ഓഫീസറെയും റെയിൽവേ മന്ത്രി സസ്‌പെൻഡ് ചെയ്തു.
സുരക്ഷാ സേനയുടെ അന്തസ്സാണ് പരമപ്രധാനമെന്നും ഇത്തരം അശ്രദ്ധ ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സുഗമവും സുഖകരവുമായ യാത്രയ്ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പ്രത്യേക ട്രെയിൻ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Leave a Comment