വീടെന്ന സ്വപ്നം ബാക്കിയാക്കി എന്നെന്നേക്കുമായി മടങ്ങി രഞ്ജിത ; വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും

Published by
Brave India Desk

പത്തനംതിട്ട : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചതായി സ്ഥിരീകരിച്ചത്. ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് രഞ്ജിത നാട്ടിലെത്തിയിരുന്നത്. തിരികെ ലണ്ടനിലെ ജോലിസ്ഥലത്തേക്ക് പോകും വഴിയായിരുന്നു അപകടം.

രഞ്ജിത ഗോപകുമാറിന്റെ മരണം സ്ഥിരീകരിച്ചതായി പത്തനംതിട്ട കളക്ടർ ആണ് അറിയിച്ചത്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രഞ്ജിത. വർഷങ്ങളോളം ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തതിനുശേഷം ആണ് രഞ്ജിത ലണ്ടനിൽ നഴ്സ് ജോലിയിലേക്ക് പ്രവേശിച്ചിരുന്നത്.  രഞ്ജിതയ്ക്ക് പി എസ് സി വഴി കേരള സർക്കാരിൽ ജോലി ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അവധിയിൽ പ്രവേശിച്ചായിരുന്നു ലണ്ടനിലേക്ക് മടങ്ങിയിരുന്നത്.

സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായുള്ള അപേക്ഷകൾ ശരിയാക്കാൻ ആയിട്ടായിരുന്നു രഞ്ജിത നാട്ടിൽ എത്തിയിരുന്നത്. തിരികെ ലണ്ടനിലേക്ക് മടങ്ങും വഴിയാണ് അപകടം. രഞ്ജിതയുടെ രണ്ടു കുട്ടികളും പ്രായമായ അമ്മയും മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്. പുതിയ വീടിന്റെ പണി നടന്നുകൊണ്ടിരിക്കെയാണ് രഞ്ജിത എന്നെന്നേക്കുമായി വിടവാങ്ങിയിരിക്കുന്നത്. ഈ മാസം ഒടുവിലായി വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്താം എന്നായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇനിയുള്ള കാലം നാട്ടിൽ മക്കളോടൊപ്പം നിൽക്കണം എന്നായിരുന്നു രഞ്ജിത ആഗ്രഹിച്ചിരുന്നത്. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളാണ് രഞ്ജിതയ്ക്ക് ഉള്ളത്.

 

Share
Leave a Comment

Recent News