മുഖ്യമന്ത്രി അമേരിക്കയിൽ;മിന്നൽ പ്രളയത്തിന് കാരണഭൂതമായെന്ന് ട്രോൾമഴ

Published by
Brave India Desk

ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നേരെ കടുത്ത സൈബർ ആക്രമണം. ടെക്‌സസിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ മിന്നൽപ്രളയവുമായി ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപവും പരിഹാസവും നിറയുന്നത്. ജപ്പാനിൽ ദുരന്തമുണ്ടാകുമെന്നായിരുന്നു പ്രവചനമെന്നും എന്നാൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചതോടെ ജപ്പാൻ രക്ഷപ്പെട്ടുവെന്നും അവർ ആക്ഷേപിക്കുന്നു.

രാവിലെ നാലുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. തുടർ ചികിത്സയ്ക്കായാണ് യാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 10 ദിവസം അമേരിക്കയിൽ തങ്ങും. നേരത്തേ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.

ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്‌ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News