ബംഗളൂരു : കർണാടകയിലെ ഗോകർണ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. ആഴ്ചകളോളം കാട്ടിനുള്ളിലെ ഈ ഗുഹയിൽ ആയിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയിരുന്നവരാണ് റഷ്യൻ യുവതിയും മക്കളും. ഇന്ത്യയോടും ഹിന്ദുമതത്തോടും ഉള്ള താല്പര്യം കൊണ്ടാണ് ഇന്ത്യയിൽ കഴിഞ്ഞതെന്നാണ് റഷ്യൻ യുവതി വെളിപ്പെടുത്തിയത്.
ഉത്തര കന്നഡ ജില്ലയിലെ കുംത താലൂക്കിലെ രാമതീർത്ഥ കുന്നുകളിലെ ഒരു ഒറ്റപ്പെട്ട ഗുഹയിൽ നിന്നാണ് 40 വയസ്സുള്ള റഷ്യൻ സ്വദേശിനിയായ നീന കുട്ടിന എന്ന യുവതിയെയും ആറ് വയസ്സുള്ള പ്രേയയെയും നാല് വയസ്സുള്ള അമയെയും പോലീസ് കണ്ടെത്തിയത്. രണ്ടാഴ്ചയായി ഈ ഗുഹയിൽ ആയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. അടുത്തിടെ ഈ മേഖലയിൽ മഴയെ തുടർന്ന് കനത്ത മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതോടെയാണ് പോലീസ് ഈ മേഖലയിൽ പരിശോധനയ്ക്കായി ഇറങ്ങിയത്. തുടർന്ന് ഗുഹയ്ക്ക് മുൻപിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.
ആത്മീയതയിലും ഹിന്ദുത്വത്തിലും ഉള്ള വലിയ താല്പര്യമാണ് ഇന്ത്യയിൽ എത്തിച്ചതെന്ന് റഷ്യൻ യുവതി പോലീസിനോട് വ്യക്തമാക്കി. റഷ്യയിൽ നിന്നും ബിസിനസ് വിസയിൽ ഗോവയിലേക്ക് ആയിരുന്നു ഇവർ എത്തിയിരുന്നത്. ഗോവ വഴി പുണ്യ തീരദേശ പട്ടണമായ ഗോകർണയിലേക്ക് എത്തുകയായിരുന്നു. ഹിന്ദുമതവും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളും ഇവരെ വളരെയധികം ആകർഷിച്ചിരുന്നു. ഇവർ കഴിഞ്ഞ ഗുഹയ്ക്കുള്ളിൽ ഒരു ശിവവിഗ്രഹം വച്ച് പൂജയും നടത്തിയിരുന്നു. നിലവിൽ ഒരു സന്യാസിനി ആശ്രമത്തിലേക്ക് ആണ് യുവതിയെയും കുട്ടികളെയും മാറ്റിയിട്ടുള്ളത്. നടപടികൾ പൂർത്തിയാക്കി ഇവരെ റഷ്യയിലേക്ക് നാടുകടത്തുമെന്ന് കർണാടക പോലീസ് അറിയിച്ചു.
Discussion about this post