ഇസ്ലാമാബാദ് : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന പാകിസ്താനിൽ വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഉണ്ടായ സംഘർഷത്തിൽ പാകിസ്താൻ സൈന്യത്തിന് ഇന്ത്യയിൽ ഒരു ഗ്ലാസ് പോലും പൊട്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അജിത് ഡോവൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്താൻ വീരവാദം പറയുന്നതുപോലെ ഇന്ത്യക്കെതിരെ എന്തെങ്കിലും ആക്രമണം നടത്തിയെങ്കിൽ ഒരു ഫോട്ടോയെങ്കിലും പുറത്തു വിടാനും അജിത് ഡോവൽ വെല്ലുവിളിച്ചിരുന്നു. ഡോവലിന്റെ ഈ പരാമർശമാണ് ഇപ്പോൾ പാകിസ്താനിൽ ചർച്ചയായിരിക്കുന്നത്.
ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇന്ന് അഭിപ്രായപ്പെട്ടു. “ഇന്ത്യ ഇപ്പോൾ പാകിസ്താനെതിരെ ഇരട്ടി വേഗതയിൽ ‘ദുഷ്ട അജണ്ട’ നടപ്പിലാക്കുകയാണ്. ‘ഫിറ്റ്‌ന-ഇ-ഖവാരിജ്’, ‘ഫിറ്റ്‌ന-ഇ-ഹിന്ദുസ്ഥാൻ’ തുടങ്ങിയ പ്രോക്‌സികളിലൂടെ ഇന്ത്യ ഇപ്പോൾ പാകിസ്താനെതിരെ യുദ്ധം നടത്തുകയാണ്.” എന്നും അസിം മുനീർ വ്യക്തമാക്കി രണ്ട് ദിവസം മുമ്പ്, പാകിസ്താന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാകിസ്താനിൽ ഭീകരതയ്ക്ക് ഗൂഢാലോചന നടത്തിയെന്നും ഇന്ത്യ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് പാകിസ്താൻ സർക്കാർ നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താനെ ‘ഫിത്‌ന-ഇ-ഖവാരിജ്’ ആയി പ്രഖ്യാപിച്ചത്. ഈ വർഷം മെയ് മാസത്തിൽ ബലൂചിസ്ഥാനിൽ സജീവമായ എല്ലാ ഭീകര സംഘടനകളെയും ‘ഫിത്‌ന-ഇ-ഹിന്ദുസ്ഥാൻ’ എന്ന് പാകിസ്താൻ സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പങ്ക് സംശയാസ്പദമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു ഇത്.
Discussion about this post