ഇടത് സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രതീക്ഷ നല്കുന്നതാണെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ നിരൂപകനായ അപ്പുക്കുട്ടന് വള്ളിക്കുന്ന്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നാണ് അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ നയപ്രഖ്യാപനം. പതിനാലാംനിയമസഭയില് അംഗങ്ങളെ അഭിസംബോധനചെയ്ത ഗവര്‍ണര്‍ പി സദാശിവം അതാണ് വ്യക്തമാക്കിയത്…..
ഇവിടെ പൂര്‍ണ്ണവിരാമമിട്ട് ആശ്വസിക്കാനാവില്ല. കാരണം, നയപ്രഖ്യാപനമേ ആയുള്ളൂ. ഇത് പ്രയോഗത്തില്‍ വരുത്തുകയും ഫലസിദ്ധി അനുഭവപ്പെടുകയും വേണം. പ്രതീക്ഷയോടെ ആ സാധ്യതയിലേക്ക് നോക്കുമ്പോള്‍ പ്രശ്നം വളരെ സങ്കീര്‍ണ്ണമാണ്.-
”ഇപ്പോള്‍ ഭരണകക്ഷിയുടെ ഭാഗമായി നില്ക്കുന്ന സാമാജികരും മന്ത്രിമാരും ബ്യൂറോക്രസിയും പൊലീസും അനുഭാവമുള്ള ജനങ്ങള്‍പോലും പൂര്‍ണ്ണമായി അഴിമതിരഹിതരോ സംശുദ്ധരോ ആണെന്ന് പറയാനാവില്ല. കാര്യം സാധിച്ചെടുക്കേണ്ടവര് ജനവിധിക്കൊപ്പം അധികാരത്തിന്റെ പക്ഷത്തേക്ക് മറിയുന്നവരാണ്. അധികാരത്തെ സ്വയം വിലയ്ക്കെടുക്കാന്‍ കഴിവുള്ളവരുമുണ്ട്. അഴിമതി വിരുദ്ധ നടപടികളും വികസന പദ്ധതികളും പരിപാടികളും ജനങ്ങള്‍ക്കും നാടിനും ലഭ്യമാകേണ്ടതാണ്. അതിന് ഇ.എം.എസ് പറഞ്ഞതുപോലെ: ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകേണ്ടിവരും. ആ സമരമാകട്ടെ ഓരോ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും നയത്തിന്റെപേരിലും ജനപക്ഷ നിലപാടിന്റെ പേരിലും സമാന്തരമായും കൊണ്ടുപോകേണ്ടിവരും.”-ലേഖനം വിലയിരുത്തുന്നു.
Fight against corruption and alternative to globalisation നയവും ബദല്‍നയവും അത് നടപ്പാക്കലും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടും, മുഹമ്മദ് അലി അനുസ്മരണത്തില്‍ ഇപി ജയരാജന് സംഭവിച്ച അബദ്ധവും പരാമര്‍ശിക്കുന്നുണ്ട്.
കടല്‍വെള്ളത്തിലെ ഉപ്പറിയാന്‍ കൈവെള്ളയില്‍ ഏതാനും തുള്ളിയെടുത്ത് രുചിച്ചാല്‍മതി. തലശ്ശേരിയില്‍ ഒരു പിഞ്ചുകുഞ്ഞുമായി രണ്ട് ദളിത് സ്ത്രീകള്‍ ജയിലില്‍ പോകേണ്ടിവന്ന സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെ: ‘കുട്ടിയെ ആരും ജയിലിലയച്ചിട്ടില്ല. അമ്മ കൊണ്ടുപോയതാണ്. ആദിവാസിക്കുട്ടികള്‍ ഇതിനുമുമ്പും ജയിലില്‍ പോയിട്ടുണ്ട്.’ ആഗോളവത്ക്കരണത്തിനെതിരെ ബദല്‍നയം രൂപീകരിക്കുന്നവര്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ തത്ക്കാലം ഇത്രമാത്രം പറഞ്ഞുനിര്ത്തുന്നതല്ലേ ഔചിത്യം.-എന്ന വാക്കുകളോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
Discussion about this post