കൊച്ചി; ഐസ്ക്രിം പാര്‍ലര്‍ അട്ടിമറിക്കേസിലും, സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇടത്പക്ഷ സഹയാത്രികനും മാധ്യമ നിരീക്ഷകനുമായ അപ്പുക്കുട്ടന് വള്ളിക്കുന്ന്. അഴിമതി വിരുദ്ധതയുടെ പുതിയ മുഖങ്ങള്‍ എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് വള്ളിക്കുന്നിന്റെ വിമര്‍ശനങ്ങള്‍.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍കേസില്‍ സുപ്രിംകോടതിയിലും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കോടികളുടെ അപഹരണക്കേസില്‍ ഹൈക്കോടതിയിലും എല്‍.ഡി.എഫ് ഗവണ്മെന്റ് സ്വീകരിച്ച നിലപാടുകള്‍ നയപ്രഖ്യാപനത്തിന് കടകവിരുദ്ധമാണെന്ന് അപ്പുക്കുട്ടന് വള്ളിക്കുന്ന് വിമര്‍ശിക്കുന്നു
‘ഐസ്ക്രീംപാര്‍ലര്‍ കേസുമായി പോയത് പ്രതിപക്ഷനേതാവ് വി.എസ് ആയതുകൊണ്ടോ സാന്റിയാഗോ മാര്ട്ടിന് എതിരായ കേസില്‍ സംസ്ഥാന ഗവണ്മെന്റല്ല ഇടപെട്ടത് എന്നതുകൊണ്ടോ പിണറായി ഗവണ്മെന്റിന്റെ രഹസ്യനീക്കം മൂടിവെക്കാനാവില്ല. എല്‍.ഡി.എഫ് മുന്‍കാലങ്ങളില്‍ തുടര്‍ന്നുവന്ന അഴിമതിവിരുദ്ധ നിലപാടിന്റെ വിപരീതമാണ് ഇതില്‍ പ്രകടമാകുന്നത്.’- വള്ളിക്കുന്ന എഴുതുന്നത്.
”സംസ്ഥാന ഗവണ്മെന്റിന്റെ സുപ്രിംകോടതിയിലെ കോണ്‍സലും ഗവണ്മെന്റിനുവേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഇങ്ങനെ പറയാനുള്ള ഔദ്യോഗിക’ബ്രീഫ്’ എല്‍.ഡി.എഫ് ഗവണ്മെന്റ് നല്‍കിയിരിക്കണം എന്നാണല്ലോ ഇതിനര്‍ത്ഥം. കെ.കെ വേണുഗോപാലനും സംസ്ഥാന സര്‍ക്കാറിന്റെ കോണ്‍സലിനും സ്വന്തം നിലയില്‍ വി.എസിന്റെ നടപടിയെ അങ്ങനെ ആക്ഷേപിക്കാന്‍ കഴിയില്ല. സുപ്രിംകോടതി മുഖവിലയ്ക്കെടുക്കുകയുമില്ല. 20062011 കാലത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസിലെ പ്രതിയായ രാഷ്ട്രീയ നേതാവ്പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകര്‍ ഏറ്റുചൊല്ലിയത്. വി.എസും പിണറായിയും നയിച്ച എല്‍.ഡി.എഫിന്റെ ഗവണ്മെന്റിന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ നയംതന്നെയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.”
…’ഈ രാഷ്ട്രീയത്തിന്റെ നിയമപരമായ വഴിയിലൂടെ മുന്നോട്ടുപോയതിനെ അതേ എല്‍.ഡി.എഫ് ഗവണ്മെന്റ് രാഷ്ട്രീയപ്രേരിതമെന്ന് സുപ്രിംകോടതിക്കുമുമ്പില് ചാപ്പകുത്തി. അതിന്റെ രാഷ്ട്രീയമെന്തെന്നാണ്? വളരെയേറെ രാഷ്ട്രീയ കൊള്ളകൊടുക്കകള്‍ നടന്നതാണ് രണ്ടുപതിറ്റാണ്ട് പഴക്കമുള്ള ഈ പെണ്‍വാണിഭകേസിന്റെ വി.എസ് ഇപ്പോള്‍ പറയുന്ന പിന്നാമ്പുറങ്ങള്‍. യു.ഡി.എഫിന്റെ മുന്‍മന്ത്രി സാധുപെണ്കുട്ടികളെ ചിത്രത്തില്‍നിന്നു തുടച്ചുനീക്കിയതിന്റെ പാപക്കറ പല ആഭ്യന്തരന്മാരുടെ കൈവെള്ളകളിലുമുണ്ട്.’
…’ഭരണകക്ഷികളെ കാലാകാലം ജനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഓരോ ഗവണ്മെന്റും സ്വീകരിക്കുന്ന നിയമനടപടികളെ രാഷ്ട്രീയപ്രേരിതമെന്നുപറഞ്ഞ് തള്ളാനാകുമോ? അങ്ങനെയെങ്കില്‍ സുപ്രിംകോടതിതൊട്ട് താഴോട്ട് നിലവിലുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസുകളെല്ലാം കെട്ടിച്ചമച്ച രാഷ്ട്രീയ പകപോക്കല്‍ കേസുകളാണെന്ന് അംഗീകരിക്കേണ്ടിവരും. 2ജി സ്പെക്ട്രം കേസ്തൊട്ട് രാജ്യത്തിന്റെ താല്പര്യങ്ങള് തകര്‍ക്കുന്ന ആയുധ ഇടപാടുകളടക്കമുള്ള എല്ലാ കേസുകളും കോടതികള്‍ക്ക് കയ്യൊഴിയേണ്ടിവരും.’ ലേഖനം വിശദീകരിക്കുന്നു.
”മുപ്പത്തിരണ്ട് കേസുകളില്‍പെട്ട് കോടിക്കണക്കില്‍ രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ നടത്തിയ വ്യക്തിയാണ് സാന്റിയാഗോ മാര്ട്ടിന്. ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്ട്ടിന് പ്രതിയെന്ന നിലയില്‍ ഹൈക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും പരിരക്ഷ നല്കി ശിക്ഷയില്നിന്നൊഴിവാക്കാന് കേരള മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഹൈക്കോടതിയില്‍ ഹാജരാകുന്നത് പരിഹാസ്യമാണ്. എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ അഴിമതി വിരുദ്ധ നിലപാടില്‍ വിശ്വസിക്കുകയും അതു സംബന്ധിച്ച നയപ്രഖ്യാപനത്തെ സഹര്‍ഷം സ്വീകരിക്കുകയും ചെയ്തവരുടെ മുഖത്ത് മാലിന്യം കോരിയൊഴിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി.”
”…മൂന്നു സീറ്റുകളുടെ വ്യത്യാസത്തില്‍ പകരം അധികാരത്തിലേറിയ യു.ഡി.എഫ് ഗവണ്മെന്റിന്റെ സാരഥികള്‍ അഴിമതിയുടേയും ദുര്‍ഭരണത്തിന്റേയും നഗ്നതാണ്ഡവം നടത്തുകയാണ് ചെയ്തത്. അതിന്റെ ചെലവിലാണ് എല്‍.ഡി.എഫിന് ഇപ്പോള്‍ അവസരം കിട്ടിയത്. അക്കാര്യം മുഖ്യമന്ത്രിയും എല്‍.ഡി.എഫിന്റെ മറ്റു ഭരണകര്‍ത്താക്കളും മറക്കരുതെന്നാണ് ഓര്‍മ്മിപ്പിക്കാനുള്ളത്.”-എന്നിങ്ങനെയാണ് ലേഖനം അവസാനിക്കുന്നത്.
Discussion about this post