ഡല്‍ഹി: ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജാവാകുന്നില്ല എന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് പ്രസ്താവന. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്ക് ഇതാദ്യമായാണ് നജീബ് ജങ് പത്രസമ്മേളനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് കരുതി ആരും രാജ്യം ഭരിക്കുന്നവരാകുന്നില്ല. നിങ്ങളോ, ഞാനോ, ആരും രാജാവല്ല. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് കര്‍ത്തവ്യം. ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചരിത്രപരമാണെന്നും ജങ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍വീസിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള തര്‍ക്കമാണ് കേസില്‍ എത്തിച്ചേര്‍ന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിധേയനായി വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post