ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി. ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴയായി നല്‍കിയെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴപ്പണത്തില്‍ 120 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും ബ്രിട്ടീഷ് ആയുധ ഇടപാടുകാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ ഇടപാടെന്ന് ആന്റണി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് നോട്ട് അസാധുവാക്കിയ വിഷയത്തിലെ ജനരോഷം മറയ്ക്കാനാണ്. ആയുധ ഇടപാടു സംബന്ധിച്ച സിബിഐ അന്വേഷണം ആദ്യം പൂര്‍ത്തിയാക്കട്ടെയെന്നും ആന്റണി പറഞ്ഞു.
3,767 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ 12 ശതമാനം തുക കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ കേസ്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ആന്റണി ആരോപിച്ചു. ഇടപാടില്‍ സോണിയ ഗാന്ധിക്ക് പങ്കില്ല. ബിജെപിയുടെ നടപടികള്‍ അതിരു കടക്കുന്നുവെന്നുവെന്നും ആന്റണി വ്യക്തമാക്കി.
Discussion about this post