‘ആരെയെങ്കിലും ആസൂത്രണം നടത്തി ആക്രമിച്ചു കൊല്ലുന്നവര്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ല. ടി.പി ചന്ദ്രശേഖരന്റെ വധമാണ് ഇതിനുദാഹരണം. അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗത്തെ ഞങ്ങള്‍ പുറത്താക്കി. ഇനി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരും പാര്‍ട്ടിക്കു പുറത്തായിരിക്കും.’ എംഎ ബേബി മാതൃഭൂമി ആഴ്ചപതിപ്പിലെ ലേഖനത്തില്‍
മുകളില്‍ പരാമര്‍ശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രമുഖ ഇടതുപക്ഷ നിരൂപകനായ അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ ബ്ലോഗിലെ ലേഖനം. ആഴ്ചപതിപ്പില്‍ വന്ന വാക്കുകള്‍ കണ്ട് ഏത് ഭൂമി മലയാളത്തിലാണ് എംഎ ബേബി ജീവിക്കുന്നത് എന്ന ചോദ്യമാണ് മനസില്‍ ഉയര്‍ന്നതെന്ന് അപ്പുക്കുട്ടന് വള്ളിക്കുന്ന എഴുതുന്നു.
ആരെയെങ്കിലും ആസൂത്രണം നടത്തി ആക്രമിച്ചു കൊല്ലുന്നവര്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ല എന്നതിന്റെ ഉദാഹരണമാണോ ടി.പി ചന്ദ്രശേഖരന് വധം? എങ്കില്‍ വധഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തന് തടവറയില്‍ ഇപ്പോഴും സി.പി.എം അംഗമായി തുടരുന്നതെങ്ങനെയാണ്. സി.പി.എമ്മിന്റെ നയം പ്രഖ്യാപിക്കാനും ഉദാഹരിക്കാനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ പൊളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിക്കുള്ള അവകാശം ആരും ചോദ്യം ചെയ്യുകയില്ല. ബേബിതന്നെ തള്ളിപ്പറയാറുള്ള ഗീബല്‍സിന്റെ നാക്ക് കടമെടുത്ത് ഇത്തരമൊരു പ്രസ്താവന ആഴ്ചപ്പതിപ്പിലൂടെ വായനക്കാരിലെത്തിക്കുമ്പോള് കുറെപ്പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കും. നുണ എത്ര ആവര്‍ത്തിച്ചാലും സത്യമാകില്ലെന്ന് പറയാറുള്ള ബേബിതന്നെ ഇതിനു മുതിര്‍ന്നതാണ് കഷ്ടം.-വള്ളിക്കുന്ന എഴുതുന്നു.
എട്ടാംപ്രതി കുന്നുമ്മക്കര മുന്‍ ലോക്കല്‍ കമ്മറ്റിയംഗം കെ.സി രാമചന്ദ്രനെ വിധി വന്നശേഷം സി.പി.എം പുറത്താക്കിയിട്ടുണ്ട്. ഇക്കാര്യം മാത്രം എടുത്തുകാട്ടിയാണ് കൊലപാതകികള്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ലെന്ന് ബേബി ആണയിടുന്നത്. മനുഷ്യസ്നേഹമായ കമ്മ്യൂണിസത്തിന്റെ പേരിലും, സി.പി.എമ്മിന്റെ പേരിലുമെന്നും അദ്ദേഹം പരിഹസിച്ചു. ഇനി ആര്‍ക്കെങ്കിലും (ടി.പി വധക്കേസില്‍) ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരും പാര്‍ട്ടിക്കു പുറത്തായിരിക്കും’ എന്ന ബേബിയുടെ വാക്കുകല് വധശിക്ഷ, രാഷ്ട്രീയ കൊലപാതകങ്ങള്‍, പൊലീസ് വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങിയവ സംബന്ധിച്ച സി.പി.എമ്മിന്റെ ഇരട്ടമുഖമാണ് വെളിപ്പെടുത്തുന്നതെന്നു് അപ്പുക്കുട്ടന് വള്ളിക്കുന്ന വിമര്‍ശിക്കുന്നു.
പക്ഷെ, ആഴ്ചപ്പതിപ്പിന്റെ 39#ാ#ം പേജിലുള്ള ഉദ്ധരണിയില്‍നിന്ന് വ്യത്യസ്തമാണ് ബേബിയുടെ എട്ടുപേജുള്ള അഭിമുഖത്തില്‍ ബേബി പറയുന്നതെന്ന് അഭിമുഖം ആദ്യന്തം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ‘ആസൂത്രണം നടത്തി ആരെയെങ്കിലും ആക്രമിച്ചു കൊല്ലുന്നവര്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ല’ എന്നേ ബേബി അതില്‍ പറഞ്ഞിട്ടുള്ളൂ. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നവര് ഗൂഢാലോചന നടത്തി കീഴ് ഘടകങ്ങളിലുള്ളവരേയും വാടകക്കൊലയാളികളെയും ഉപയോഗിച്ച് നടത്തുന്ന കൊലപാതകങ്ങളെയല്ല അദ്ദേഹം തള്ളിപ്പറയുന്നത്. യഥാര്‍ത്ഥത്തില്‍ ടി.പി വധക്കേസ് അതിന്റെ ഉദാഹരണമാണ്. ഇപ്പോള്‍ മന്ത്രി എം.എം മണി പ്രതിപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ള അഞ്ചേരി വധക്കേസ് ഇടുക്കി ജില്ലയിലെ മറ്റൊരു മാതൃകയും.
ലേഖനത്തില്‍ നിന്ന്
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച സി.പി.എമ്മിന്റെ ഇരട്ടനീതി നമ്മുടെ ഭരണഘടനയിലെ തുല്യനീതി സംബന്ധിച്ച മൗലികാവകാശ വ്യവസ്ഥകളുടെ ലംഘനമാണെന്നും വള്ളിക്കുന്ന എഴുതുന്നു, ടി.പി വധക്കേസില്തന്നെ സുപ്രിംകോടതിയുടെ അന്തിമ തീര്പ്പുവരെയും സി.പി.എമ്മുമായി ബന്ധമുള്ള ജീവപര്യന്തക്കാര്‍ ജയിലിലും പാര്‍ട്ടിയംഗങ്ങളായി സസുഖം തുടരും. അവരുടെ കുടുംബങ്ങള്‍ക്ക് ചെല്ലും ചെലവും സംരക്ഷയും പാര്‍ട്ടി നല്‍കും.
സി.പി.എം ഭരണത്തിലായതുകൊണ്ട് കേരളത്തില്‍ ഗവണ്മെന്റിന്റെയും നിയമത്തിന്റെയും പിന്തുണയും. പരോള്‍, ശിക്ഷാഇളവ് തുടങ്ങിയ ഗവണ്മെന്റ് സഹായവും അവര്‍ക്കുണ്ടാകും. ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചതിനെതിരെ പി ജയരാജന് രംഗത്തുവന്നത് എല്‍.ഡി.എഫ് ഭരണത്തില്‍ ഇത്തരത്തില്‍ വരാന്‍പോകുന്ന കാര്യങ്ങളുടെ സൂചനയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
‘ചിലരെ രക്തസാക്ഷിയെന്നല്ല കുറ്റവാളി, ഒറ്റുകാരന് എന്നൊക്കെ ചരിത്രം വിധിക്കും’ എന്നുകൂടി ബേബി അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ ചുമതല ചരിത്രത്തെ ഏല്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാള്‍ മാര്‍ക്സ് പറയുന്നത് മറിച്ചാണ്: ‘ചരിത്രം സ്വയം ഒന്നും ചെയ്യുന്നില്ല. ധാരാളം സമ്പത്തോ സ്വയം പോരാട്ടം നടത്താനുള്ള സ്ഥിതിയോ അതിനില്ല. ജീവിക്കുന്ന യഥാര്‍ത്ഥ മനുഷ്യരാണ് ഇതെല്ലാം നിര്‍വ്വഹിക്കുന്നത്.’
കുറ്റവാളി, ഒറ്റുകാരന് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം രക്തസാക്ഷിയെ കുലംകുത്തി എന്നുകൂടി ബേബിക്ക് വിശേഷിപ്പിക്കാമായിരുന്നു. അതോടെ ബേബിയുടെയും പിന്‍നടത്തം കൃത്യതയാര്ന്നതാകുമായിരുന്നു.
അപ്പുക്കുട്ടന് വള്ളിക്കുന്ന് ലേഖനത്തില്‍
Discussion about this post