അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് ഇന്ത്യയെ എതിര്‍ത്തു, ഒടുവില്‍ അവര്‍ തന്നെ കാലുവാരി; ട്രൂഡോയ്ക്ക് വരാനിരിക്കുന്നത്

Published by
Brave India Desk

 

കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോയുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഖുകാര്‍ക്കായി ഇന്ത്യയോടു എതിര്‍ത്ത ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുന്നത് അവര്‍ തന്നെയാണ് 338 അംഗ പാര്‍ലമെന്റില്‍ 154 സീറ്റ് മാത്രമുള്ള ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ 3 വര്‍ഷം കാനഡ ഭരിച്ചത് ജഗ്മിത് സിങ് എന്ന സിഖുകാരന്‍ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) 24 എംപിമാരുടെ പിന്തുണയോടെയായിരുന്നു. കഴിഞ്ഞ ദിവസം എന്‍ഡിപി പിന്തുണ പിന്‍വലിച്ചതോടെ ട്രൂഡോയുടേത് ന്യൂനപക്ഷ സര്‍ക്കാരായി.ജനസമ്മതിയിലും കാര്യമായ ഇടിവാണ് ഇപ്പോള്‍ ട്രൂഡോയ്ക്ക് സംഭവിച്ചിരിക്കുന്നത്.

പ്രതിപക്ഷത്തുള്ള ഏതെങ്കിലും പാര്‍ട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലെങ്കില്‍ മാത്രം അധികാരത്തില്‍ തുടരാവുന്ന അവസ്ഥയിലാണിപ്പോള്‍ ട്രൂഡോയുടെ സര്‍ക്കാര്‍. മാത്രമല്ല, അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് എന്‍ഡിപി വിട്ടുനിന്നാലും മതിയാകും. അടുത്ത വര്‍ഷം വരെയാണു സഭയുടെ കാലാവധി.

118 എംപിമാരുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയാണ് പ്രധാന പ്രതിപക്ഷം. ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്കു ഭൂരിപക്ഷമുള്ള ക്യൂബെക് പ്രവിശ്യയില്‍ സ്വാധീനമുള്ള ബ്ലോക് ക്യൂബെക്കോയ് ആണ് 32 എംപിമാരുമായി മൂന്നാം സ്ഥാനത്ത്. എന്‍ഡിപി നാലാം സ്ഥാനത്തും 2 എംപിമാരുള്ള ഗ്രീന്‍ പാര്‍ട്ടി അഞ്ചാം സ്ഥാനത്തുമുണ്ട്. ട്രൂഡോ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ജഗ്മിത് സിങ്ങിന്റെ ആരോപണം.

കുടിയേറ്റത്തെ പൊതുവേ പിന്തുണയ്ക്കുന്നവരാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി. എന്‍ഡിപിയുമായി കൂട്ടുകൂടി കുടിയേറ്റനയം കൂടുതല്‍ ഉദാരമാക്കേണ്ടിവന്നു. എന്നാല്‍, തൊഴിലില്ലായ്മയും പാര്‍പ്പിട ക്ഷാമവും രൂക്ഷമായതോടെ കുടിയേറ്റത്തെ എതിര്‍ക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു ജനപിന്തുണ വര്‍ധിച്ചുതുടങ്ങി. അതോടെ ട്രൂഡോയുടെ ജനസമ്മതിയില്‍ വന്‍ ഇടിവു തന്നെയുണ്ടായി.

കുടിയേറ്റം മൂലമുള്ള പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ട്രൂഡോയുടെയും ലിബറല്‍ പാര്‍ട്ടിയുടെയും തലയില്‍വച്ച് കൈകഴുകുകയാണു ജഗ്മിത്. ജഗ്മിത് സിങ്ങാണു നയിക്കുന്നതെങ്കിലും എന്‍ഡിപി സിഖുകാര്‍ക്കു പ്രാമുഖ്യമുള്ള പാര്‍ട്ടിയല്ല. എന്‍ഡിപിയുടെ ആദ്യത്തെ ന്യൂനപക്ഷ നേതാവാണ് ജഗ്മിത്. ഇനി ട്രൂഡോയ്ക്ക് എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടി വരും.

 

Share
Leave a Comment

Recent News