ഖത്തറിൽ മാത്രമല്ല സുഹൃത്തേ സ്റ്റേഡിയമുള്ളത് ; ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിനുള്ള ഗിന്നസ് റെക്കോഡ് നമ്മുടെ രാജ്യത്തിന് ; അഭിമാന നേട്ടം

ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോഡ്

Published by
Brave India Desk

ഭുവനേശ്വർ : ലോകത്തെ എറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിനുള്ള ഗിന്നസ് റെക്കോഡ് നേടി ഒഡിഷയിലെ സ്റ്റേഡിയം. ലോകകപ്പ് വേദിയായിരുന്ന ബിർസ മുണ്ട ഹോക്കി സ്റ്റേഡിയമാണ് ലോകത്തെ എറ്റവും കൂടുതൽ ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിന്റെ റെക്കോഡ് സ്വന്തമാക്കിയത്. വെറും 15 മാസം കൊണ്ട് റെക്കോഡ് വേഗതയിലാണ് സ്റ്റേഡിയം പണി കഴിപ്പിച്ചത്. 21,000 കാണികളെ ഉൾക്കൊള്ളുന്നതാണ് ബിർസ മുണ്ട സ്റ്റേഡിയം.

ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി. “വളരെ സന്തോഷം തരുന്ന വാർത്തയാണിത്. ഒഡിഷയിലെ ജനങ്ങളേയും 15 മാസം കൊണ്ട് സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയവരേയും അഭിനന്ദിക്കുന്നു. “ നവീൻ പട്നായിക് പറഞ്ഞു. പേഴ്സണൽ സെക്രട്ടറി വി.കെ പാണ്ഡ്യൻ ആണ് വിവരം തന്നെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് മത്സരങ്ങൾ നടത്താനാണ് സ്റ്റേഡിയം പണികഴിപ്പിച്ചത്. പ്രത്യേകം ഫിറ്റ്നസ് സെന്ററും നീന്തൽക്കുളവും സ്റ്റേഡിയത്തിലുണ്ട്. റൂർക്കലയിലെ ബിജു പട്നായിക് സർവകലാശാല ക്യാമ്പസിലാണ് സ്റ്റേഡിയം പണി കഴിപ്പിച്ചത്. 200 കോടി മുതൽ മുടക്കിയായിരുന്നു സ്റ്റേഡിയത്തിന്റെ നിർമ്മാണം. 35 ഏക്കർ വിസ്തൃതിയാണ് സ്റ്റേഡിയത്തിനുള്ളത്.

ഫുട്ബോൾ ലോകകപ്പ് നടക്കുമ്പോൾ ഖത്തറിലെ സ്റ്റേഡിയങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ അവഹേളിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളില്ലെന്നും സർക്കാരിന് പ്രതിമകൾ പണിയാനാണ് താത്പര്യമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ലോകത്തെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ പരിഹസിച്ച് കൊണ്ടായിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നത്. എന്നാൽ കഴിഞ്ഞ നവംബറിനുള്ളിൽ ഒരു കോടി സന്ദർശകരായിരുന്നു സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനെത്തിയത്.

Share
Leave a Comment

Recent News