തിരുവോണവുമായി ബന്ധപ്പെട്ട് വിവിധതരം സവിശേഷവും അര്‍ത്ഥ സമ്പുഷ്ടവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിവന്നിരുന്നു. കര്‍ക്കടകസംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കല്‍ മുതല്‍ ഇരുപത്തെട്ടാമോണം വരെ അതു നീളുന്നു. താഴെ കൊടുത്തിരിക്കുന്നവ കൂടാതെ പ്രദേശിക ഭേദങ്ങളോടുകൂടിയ നിരവധി ആചാരാനുഷ്ടാനങ്ങള്‍ തെക്കന്‍ കേരളത്തിനും വടക്കന്‍ കേരളത്തിലുമൊക്കെ നിലവിലുണ്ട്.
കലിയന് കൊടുക്കല്‍
കര്‍ക്കടകത്തിന്റെ അധിപനാണ് കലിയന്‍. കലിയനെ പ്രീതിപ്പെടുത്തിയാല്‍ സകലൈശ്വര്യങ്ങളും തേടിവരും എന്നാണ് വിശ്വാസം, ഓരോ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടതെന്നുതോന്നുന്ന ആഹാരം സംക്രമദിനത്തില്‍ ഉണ്ടാക്കി ഒരു പങ്ക് ചിരട്ടയില്‍ എടുത്ത് കലിയനെ സ്മരിച്ച് മാറ്റിവെക്കുന്നു. പ്ളാവില, കൂവയില, പച്ചയീര്‍ക്കില്‍, വാഴത്തട എന്നിവകൊണ്ട് കാള, നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയില്‍ കലിയനു സമര്‍പ്പിക്കുമ്പോള്‍ ആര്‍പ്പും കുരവയും വാദ്യാഘോഷങ്ങളും മുഴക്കും
പിള്ളേരോണം
കര്‍ക്കടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം, കുഞ്ഞോണം എന്നൊക്കെ വിളിപ്പേരുള്ള, ഈ ദിനംതൊട്ട് ഇരുപത്തെട്ടാം നാളാണ് ചിങ്ങത്തിരുവോണമെത്തുക.
അത്തമത്തന്‍
അത്തംനാളിലിടുന്ന പൂക്കളത്തില്‍ ഇളം മഞ്ഞനിറമാര്‍ന്ന വലിയ പൂവായ മത്തപ്പൂ ഒരു പ്രധാന ഇനമാണ്. പൊട്ടിക്കുന്നത് അത്തംനാളിലാണ്. ശര്‍ക്കരയും തേങ്ങയുമൊക്കെച്ചേര്‍ത്ത് വിളഞ്ഞുപഴുത്ത മത്തങ്ങകൊണ്ടുള്ള പായസം അത്തത്തിന് വിളമ്പും.
മൂലക്കളം
മൂലംനാളിലെ പൂക്കളമാണിത്. വട്ടത്തില്‍ മെഴുകിയശേഷം മൂലതിരിച്ചാണ് തയ്യാറാക്കുക. മൊത്തത്തില്‍ എട്ടുമൂലകള്‍ ഉണ്ടാവും. ആദിത്യന്‍, ഈശാനന്‍, കുബേരന്‍, വായു, വരുണന്‍, നിരൃതി, യമന്‍, അഗ്നി എന്നിങ്ങനെയാണ് എട്ടു മൂലകള്‍. അഷ്ടദിക്പാലകര്‍ക്കായിട്ടാണ് ഈ ദിവസത്തെ കളം.
കാക്കപൂരാടം
തിരുവോണത്തിന് ഒരുനാള്‍ മുമ്പുള്ള പൂരാടത്തിന് കരിംപൂരാടമെന്നാണ് പേര് കാക്കപ്പൂവാണ് ഈ ദിവസം പൂക്കളത്തിലെ പ്രധാനി. ഒപ്പം കറുകയും കാട്ടുതുളസിയും കാണും.
ഓണം വരുത്തല്‍
ഉത്രാടനാളില്‍ പൂക്കളത്തിനുമുന്നില്‍ മൂന്നു നാക്കിലകള്‍വെച്ച് അവയില്‍ നാഴി, പറ, ചങ്ങഴി എന്നിവ പ്രതിഷ്ഠിക്കുന്നു. ഇവയിലേക്ക് ഭക്ത്യാദരപൂര്‍വം നെല്ലുനിറയ്ക്കുന്നു. ആര്‍പ്പും കുരവയും ശംഖനാദവും ഒപ്പമുണ്ടാവും.
ഓണം കൊള്ളല്‍
തിരുവോണനാള്‍ രാവിലെ കളംമെഴുക്കുകഴിഞ്ഞ് നിലവിളക്കുകൊളുത്തി തൃക്കാക്കരയപ്പനെ പൂജിക്കുന്ന ചടങ്ങാണിത്. കദളിപ്പഴം, തേന്‍, ശര്‍ക്കര ഇവകൊണ്ടുള്ള പ്രസാദം തൃക്കാക്കരയപ്പനു നിവേദിച്ച് വീട്ടുകാര്‍ക്കു വിളമ്പുന്നതോടെ ഓണംകൊള്ളല്‍ ചടങ്ങ് പൂര്‍ത്തിയായി.
അത്തപത്ത്
അത്തത്തിന്റെ പത്താംനാള്‍ അതായത് തിരുവോണദിനത്തില്‍ വലുപ്പത്തില്‍ പൂക്കളമിടുന്നു. മുമ്പിലായി നിരത്തിയ നാക്കിലയില്‍ പത്തിന്റെ പൂരമാണ്! പത്തു പൂക്കള്‍ അഥവാ ദശപുഷ്പങ്ങള്‍ (മുക്കുറ്റി, ഉഴിഞ്ഞ, തിരുതാളി, വള്ളിയുഴിഞ്ഞ വിഷ്ണുക്രാന്തി, ചെറൂള, കയ്യൂന്നി, നിലപ്പന, കറുക, മുയല്‍ച്ചെവിയന്‍, പൂവാങ്കുറുന്നല്‍), പത്തിലകള്‍ (തഴുതാമ, ചക്രത്തകര, മണിത്തക്കാളി, പയറില, മത്തനില, അഞ്ചിലച്ചി, ഉപ്പൂഞ്ഞല്‍, ചേമ്പില, മുള്ളന്‍ചീരയില, കുടങ്ങല്‍), പത്തുനെന്‍മണി, പത്തു തേങ്ങ, പത്ത് വാഴപ്പഴം, പത്തെള്ള് , പത്ത് അരിമണി, പത്തുപ്പേരി, പത്തുപണം, പത്തുനൂല് എന്നിവ നിരത്തുന്നു.
അവിട്ടക്കട്ട
സദ്യയില്‍ മിച്ചംവന്നവ അവിട്ടംനാള്‍ രാവിലെ ഭക്ഷണമാക്കുന്നു. വെള്ളത്തിലിട്ട ചോര്‍ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട! സാമ്പാര്‍, അവിയല്‍, മറ്റു കറികള്‍ ഇവ ചെറുപാത്രങ്ങളിലാക്കി വെള്ളത്തിലിറക്കിവെക്കുന്നതിനാല്‍ ചീത്തയാവില്ല. പണ്ട് ഫ്രിഡ്ജ് എന്ന സംവിധാനമില്ലല്ലോ. എല്ലാ കറികളും തൈരും മേമ്പൊടിയായി ചമ്മന്തിയും ചേര്‍ത്ത് അവിട്ടക്കട്ട പൊട്ടിക്കുന്നു (അകത്താക്കുന്നു)!
അമ്മായിയോണം
ഓണ ഒരുക്കങ്ങള്‍ക്ക് എല്ലാത്തിനും മുന്നില്‍ നിന്ന അമ്മായിയെ സ്നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്ക്ക് അവിടെ നടക്കുന്ന ആഘോഷമാണ് അമ്മായിയോണം.
ഇരുപത്തെട്ടോണം
തിരുവോണത്തിന്റെ ഇരുപത്തെട്ടാം നാളില്‍ വരുന്ന കണിയോണം അതായത് വാലോണം, കര്‍ക്കടക ഓണം തലയോണവും. ഇരുപത്തെട്ടുകൂട്ടം വിഭവങ്ങളോടുകൂടിയ സദ്യ അന്നു നിര്‍ബന്ധമാണ്.
Leave a Comment