ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് കുറ്റം സമ്മതിച്ചതായി സൂചന. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയാണ് (25) മരിച്ചത്. മൂത്ത സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് ആണ് അറസ്റ്റിലായത്.
ഹരികൃഷ്ണ മറ്റൊരാളുമായി അടുപ്പത്തിലായതു ചോദ്യം ചെയ്തപ്പോൾ വീട്ടിനകത്തുവച്ച് തർക്കമുണ്ടായതായും ഇത് കൊലപാതകത്തിൽ കലാശിച്ചതുമായാണ് രതീഷ് മൊഴി നൽകിയിരിക്കുന്നത്. വീട്ടിനകത്ത് കട്ടിലിൽ ഇരുന്നപ്പോഴാണ് തർക്കമുണ്ടായത്. മര്ദിച്ചപ്പോള് ബോധരഹിതയായ നിലത്ത് തലയടിച്ചു വീണ ഹരികൃഷ്ണയെ, കഴുത്തുഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം അടുത്ത മുറിയിലേക്ക് മാറ്റിയിട്ടു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനെ, ശനിയാഴ്ച രാത്രി ഏഴോടെ ചേർത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ. വെള്ളിയാഴ്ച വൈകിട്ട് 6.45നു ജോലി കഴിഞ്ഞു ചേർത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഹരികൃഷ്ണയെ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുത്തില്ല. വൈകിയെത്തുന്ന ദിവസങ്ങളിൽ ഹരികൃഷ്ണയെ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ള രതീഷിനെയും ഫോണിൽ കിട്ടാതായപ്പോൾ വീട്ടുകാർ രതീഷിന്റെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
സംഭവസമയം നീതു വീട്ടിലുണ്ടായിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.












