പേരാവൂര്‍(കണ്ണൂര്‍): സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനച്ഛന് മുഖത്ത് ആസിഡൊഴിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചതായി കേസ്. മണത്തണയിലെ ചേണാല് വീട്ടില്‍ ബിജുവിനെ (50) രണ്ടാനച്ഛനായ മാങ്കുഴി ജോസ് (67) മുഖത്ത് ആസിഡൊഴിച്ച ശേഷം ആക്രമിച്ചുവെന്നാണ് കേസ്. കണ്ണിലും മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജോസിനെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബിജു കുളിക്കാന്‍ വീട്ടില്‍ നിന്ന് ടൗണിലെ കുളത്തിലേക്ക് ജീപ്പില്‍ പോകുമ്പോള്‍ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിച്ചുവെന്നാണ് കേസ്. ജീപ്പില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തി കൊണ്ട് ബിജുവിന്റെ കൈയില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ ഒരു മണിക്കൂറിനു ശേഷം മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. ജോസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മണത്തണ സ്വദേശി ശ്രീധരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.











