തിരുവനന്തപുരം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കടത്തിയ മായം ചേർത്ത പാൽ പിടികൂടിയ സംഭവത്തിൽ ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട് തളളി ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാലിൽ െൈഹഡ്രജൻ പെറോക്സൈഡ് ഉണ്ടെന്നായിരുന്നു ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണെന്നും അവരുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ലോറിയിൽ കടത്തിയ പാൽ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മായം ചേർത്ത പാൽ വൻതോതിൽ കേരളത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു പരിശോധന.
15300 ലിറ്റർ പാലാണ് ലോറിയിൽ ഉണ്ടായിരുന്നത്. ക്ഷീര വികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. മൂന്ന് പരിശോധനയാണ് നടത്തുന്നത്. മൂന്നാമത്തെ പരിശോധനയിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.വകുപ്പ് നടത്തിയ പരിശോധനയുടെ റിസൾട്ട് കൈയ്യിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിസൾട്ട് കിട്ടിയ സമയം തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. പിന്നീട് അവർ പാൽ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചു. പാലിനകത്ത് ചേർത്ത സമയം മുതൽ ആറ് മണിക്കൂർ വരെയേ ഇത് നിലനിൽക്കൂ. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കാൻ വൈകിയതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ഇത്തരത്തിൽ പിടികൂടുന്ന വസ്തുക്കൾ സാമ്പിൾ ശേഖരിച്ച ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുക എന്ന ഉത്തരവാദിത്വം മാത്രമേ ക്ഷീരവികസന വകുപ്പിനുളളൂ. അവരാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കാനുളള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണമെന്നും അത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ട പന്തളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസമായി ലോറി പോലീസ് സ്റ്റേഷനിലാണ്.












